കൊഹ്‌ലി ക്യാപ്ടനായ ടീമിനെ പരിശീലിപ്പിക്കാൻ പലർക്കും മടി, ഒടുവിൽ ആ ചുമതലയും ദ്രാവിഡ് ഏറ്റെടുത്തു, വന്മതിൽ ഇനി ഇന്ത്യൻ ടീം പരിശീലകനാകും

Saturday 16 October 2021 10:57 AM IST

ന്യൂഡൽഹി: ഐ സി സി ടി ട്വന്റി ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്കു പകരം വന്മതിൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാകും. ഏറെനാളായി രവി ശാസ്ത്രിയുടെ പകരക്കാരനെ ബി സി സി ഐ തിരയുന്നുണ്ടായിരുന്നു. എന്നാൽ ബോർഡ് സമീപിച്ച പലരും പരിശീലക സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഏറ്റവും അവസാനം കുംബ്ലെ ദേശീയ ടീം പരിശീലകനാകുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം കുംബ്ലെയും പിന്മാറി. ദേശീയ ടീമിനെ സംബന്ധിച്ച ഭൂരിപക്ഷം തീരുമാനങ്ങളും എടുക്കുന്നത് കൊഹ്‌ലി ആണെന്നതാണ് കുംബ്ലെയും മറ്റുള്ളവരും പിന്മാറാൻ കാരണമെന്ന് കരുതുന്നു. കൊഹ്‌ലി ടി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിഞ്ഞെങ്കിലും ഏകദിന - ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനം ഇപ്പോഴും കൊഹ്‌ലിയുടെ കൈയിൽ ആണെന്നതാണ് ഭൂരിപക്ഷം പേരും പിന്മാറാൻ കാരണം.

രവി ശാസ്ത്രി പരിശീലകനായി വന്നതിനു ശേഷം ഇന്ത്യൻ ക്രിക്കറ്റ് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയെന്ന കാരണം കൊണ്ടു തന്നെ ഒരു ഇന്ത്യൻ പരിശീലകനെ നിയമിക്കാൻ ബി സി സി ഐ തീരുമാനിക്കുകയായിരുന്നു. എന്നാൽ കുംബ്ലെ ഉൾപ്പെടെയുള്ളവർ ഒഴിഞ്ഞ സ്ഥിതിക്ക് മനസില്ലാമനസോടെ ദ്രാവിഡ് ആ സ്ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചിരിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ.

നിലവിൽ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്ടറാണ് ദ്രാവിഡ്. മുതിർന്ന താരങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിനേക്കാൾ യുവതാരങ്ങളെ പരിശീലിപ്പിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ദ്രാവിഡ് നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് ടീമിൽ ഒരു അധിക ബാറ്റ്സ്മാനെ ഉൾപ്പെടുത്തുന്നതിന് വേണ്ടി അന്നത്തെ ക്യാപ്ടൻ സൗരവ് ഗാംഗുലി ദ്രാവിഡിനോട് വിക്കറ്റ് കീപ്പറാകാമോ എന്ന് ചോദിച്ചപ്പോൾ തനിക്ക് താത്പര്യമില്ലെങ്കിൽ പോലും ടീമിന്റെ നല്ലതിനു വേണ്ടി വിക്കറ്റ് കീപ്പറായ ആളാണ് ദ്രാവിഡ്. അന്നത്തെ ക്യാപ്ടനും ഇപ്പോഴത്തെ ബി സി സി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി തന്നയാണ് ദ്രാവിഡിനെ പരിശീലകനാകുന്നതിന് വേണ്ടി വീണ്ടും സമീപിച്ചിരിക്കുന്നത്.

Advertisement
Advertisement