'എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയുമില്ല'; ദ്രാവിഡ് കോച്ചാകുന്ന വാർത്തയിൽ വിചിത്ര പ്രതികരണവുമായി കൊഹ്‌ലി

Saturday 16 October 2021 9:03 PM IST

ന്യൂഡൽഹി: കാലാവധി പൂർത്തിയാക്കുന്ന രവി ശാസ്‌ത്രിയ്‌ക്ക് പകരമായി മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് കോച്ചായി വരുമെന്ന വാർത്തയെ കുറിച്ച് പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലി. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീം നായകന്മാരുടെ വാർത്താ സമ്മേളനത്തിൽ സംസാരിച്ച വിരാട് കോച്ചിനെ കുറിച്ചുള‌ള ചോദ്യങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇതുവരെ ഇക്കാര്യത്തിൽ ബിസിസിഐയിലെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും പ്രതികരിച്ചു.

ബിസിസിഐ രാഹുൽ ദ്രാവിഡുമായി രണ്ട് വർഷത്തെ കരാർ ഉറപ്പിച്ചെന്ന വാർത്ത വന്നതിന് പിന്നാലെയാണ് ഇന്ത്യൻ നായകന്റെ വിചിത്ര പ്രതികരണം. പുതിയ പരിശീലകൻ ആരാകണമെന്നതിൽ ആദ്യം കേട്ട പേര് ദ്രാവിഡിന്റേതായിരുന്നു. എന്നാൽ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാൽ ഇന്ന് ബിസിസിഐ പ്രസിഡന്റ് ഗാംഗുലിയെയും സെക്രട്ടറി ജെയ് ഷായെയും ദ്രാവിഡ് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് 2023 ലോകകപ്പ് വരെ ദ്രാവിഡുമായി കരാറിലെത്തിയെന്ന വാർത്ത പുറത്തുവന്നത്.

ഇന്ത്യ 'എ', അണ്ടർ19 ടീമുകളുടെ പരിശീലകനായിരുന്ന ദ്രാവിഡ് ഋഷഭ് പന്ത്, ആവേശ് ഖാൻ, പ്രിഥ്വി ഷാ, ശുഭ്മാൻ ഗിൽ തുടങ്ങി ഒരുപിടി മികച്ച കളിക്കാർ ഉയർന്നുവരാൻ കാരണക്കാരനായിട്ടുണ്ട്. നിലവിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി മേധാവിയാണ് ദ്രാവിഡ്. ബൗളിംഗ് കോച്ചായി കാലാവധി പൂർത്തിയാക്കിയ ഭരത് അരുണിന് പകരം പരസ് മാമ്പ്രെയെ കൊണ്ടുവന്നേക്കും. എന്നാൽ ബാറ്റിംഗ് കോച്ചായ വിക്രം രാത്തോർ തുടരും.

Advertisement
Advertisement