കനത്തമഴ, ജില്ല പ്രളയഭീതിയിൽ

Sunday 17 October 2021 12:07 AM IST

കൊച്ചി: കനത്തമഴയ്ക്കൊപ്പം പ്രധാന നദികളിലെ ജലനിരപ്പ് ഉയരുന്നത് എറണാകുളം ജില്ലയെ പ്രളയഭീതിയിലാക്കി. പെരിയാർ, മൂവാറ്റുപുഴ, തൊടുപുഴ, കാളിയാർ, കോതമംഗലം പുഴകളിലാണ് നീരൊഴുക്ക് ഗണ്യമായി വർദ്ധിക്കുന്നത്. മൂവാറ്റുപുഴ കരകവിയാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.

ഇന്നലെ പുലർച്ചെ തുടങ്ങിയ കനത്തമഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയതോതിൽ വെള്ളപ്പൊക്കമുണ്ടായി. എറണാകുളം ഗാന്ധിനഗ‌ർ പി.ആൻഡ് ടി. കോളനിയിൽ വെള്ളം കയറി. 50 ൽപ്പരം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളം കയറിയ വീടുകളിൽ കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ തൃക്കാക്കര സി.എഫ്.എൽ.ടി.സിയിലേക്കും മാറ്റി.

പറവൂരിൽ മഴ ശക്തമായില്ലെങ്കിലും ഒരു വീടിനും കുന്നത്തുനാട്ടിൽ രണ്ട് വീടുകൾക്കും കേടുപാടുണ്ടായി. മൂവാറ്റുപഴ കല്ലൂർക്കാട് ഫയർഫോഴ്സ് ആസ്ഥാനത്ത് ഉൾപ്പെടെ വെള്ളം കയറി. എറണാകുളം നഗരത്തിൽ രാജേന്ദ്രമൈതാനത്തിന് സമീപം നിറുത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ മരച്ചില്ല ഒടിഞ്ഞുവീണു. സമീപത്ത് നിന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്.

കോതമംഗലത്ത് മഴ കനത്തതിനെത്തുടർന്ന് ജവഹർ കോളനിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചൽ ഭീഷണിയുള്ള സത്രംപടി കോളനിയിലെ 28 ഉം കീരമ്പാറയിൽ 10 ഉം കുടുംബങ്ങളെയും മൂവാറ്റുപുഴ ആവോലിച്ചിറ ഭാഗത്തെ താമസക്കാരെയും മാറ്റിത്താമസിപ്പിക്കാൻ നടപടി സ്വീകരിച്ചു. പ്രളയഭീതി കണക്കിലെടുത്ത് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. മലങ്കര അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയതിനെത്തുടർന്ന് മൂവാറ്റുപുഴയാറിന്റെയും കൈവഴികളുടേയും തീരത്ത് അതീവ ജാഗ്രത നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ക്യാമ്പുകൾ തുറക്കാനും നടപടി ആരംഭിച്ചു.

ഫയർഫോഴ്സ് മറ്റു ജില്ലകളിലേക്ക്

ഇടുക്കി, കോട്ടയം ജില്ലകളിലെ രൂക്ഷമായ മഴക്കെടുതി നേരിടാൻ എറണാകുളത്തു നിന്നും ഫയർഫോഴ്സിന്റെ യൂണിറ്റുകളെ വിന്യസിച്ചു. തൃക്കാക്കര സ്റ്റേഷൻ ഓഫീസർ സതീശന്റെ നേതൃത്വത്തിൽ 43 പേരെ മുണ്ടക്കയം കൂട്ടിക്കൽ പ്രദേശങ്ങളിലേക്ക് നിയോഗിച്ചു. പീരുമേട്, മൂലമറ്റം പ്രദേശങ്ങളിലേക്കും എറണാകുളത്തുനിന്ന് സേനാംഗങ്ങളെ വിന്യസിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എറണാകുളം റീജിയണൽ ഫയർ ഓഫീസർ കെ.കെ. ഷിജു ഇടുക്കിയിൽ ക്യാമ്പ് ചെയ്യുകയാണ്.

കരുതലോടെ നാവികസേനയും

കേരളത്തിലെ പ്രളയസാഹചര്യം കണക്കിലെടുത്ത് ഏത് അത്യാഹിതവും നേരിടാൻ കൊച്ചിയിലെ നാവികസേനയും സുസജ്ജമാണ്. സർക്കാർ ആവശ്യപ്പെട്ടാൽ പറന്നെത്താൻ പാകത്തിന് മുങ്ങൽ വിദഗ്‌ദ്ധരെയും തയ്യാറാക്കി നിറുത്തിയിട്ടുണ്ട്.

മലങ്കരയിലെ ഷട്ടർ 1.3 മീറ്റർ ഉയർത്തി

ശക്തമായ മഴയെത്തുടർന്ന് മലങ്കര അണക്കെട്ടിലെ 6 ഷട്ടറുകലും 1.3 മീറ്റർ വരെ ഉയർത്തി. ഓരോ പത്ത് മിനിറ്റിലും അണക്കെട്ടിലെ ജലനിരപ്പ് 10 സെന്റിമീറ്റർ വീതം ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. സെക്കൻഡിൽ 265.865 ക്യുബിക് മീറ്റർ എന്ന തോതിലാണ് വെള്ളം തുറന്നുവിടുന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അതീവജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

നദികളിലെ ജലനിരപ്പ്

തൊടുപുഴ........ 10.44 മീറ്റർ

കാളിയാർ.......... 11.12 മീ

കോതമംഗലം......... 11.315 മീ.

മൂവാറ്റുപുഴ.............. 10.315 മീ.

ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ആലുവ താലൂക്ക് മറ്റൂർ വില്ലേജിൽ ആര്യംപാടം പ്രദേശത്ത് മഴവെള്ളം വീടുകളിലേക്ക് കയറിയതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഇതിൽ 4 സ്ത്രീകളും 2 പുരുഷന്മാരും ഒരു നവജാത ശിശുവും ഉൾപ്പെടും. മാണിക്യമംഗലം സെന്റ്. ക്ലയർ സ്‌കൂളിലാണ് ക്യാമ്പ് . കിടപ്പുരോഗി ഉള്ള കുടുംബത്തെ ക്യാമ്പിൽ താമസിപ്പിക്കാൻ കഴിയാത്തതിനാൽ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി.

Advertisement
Advertisement