എണ്ണ വിതരണം വർദ്ധിപ്പിക്കില്ലെന്ന് ഉറപ്പിച്ച് സൗദി അറേബ്യ; പ്രകൃതി വാതകത്തിന്റെയും പാചകവാതകത്തിന്റെയും വില ഇരട്ടിയായി

Saturday 16 October 2021 10:41 PM IST

റിയാദ്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ലോകരാജ്യങ്ങളിൽ എണ്ണ, കൽക്കരി, പ്രകൃതി വാതകം എന്നിവയ്‌ക്ക് ആവശ്യമേറി. കൊവിഡ് കാല നഷ്‌ടം നികത്താൻ വർദ്ധിപ്പിച്ച വില കുറയ്‌ക്കുന്നതിന് എണ്ണ വിതരണം വർദ്ധിപ്പിക്കണമെന്ന ആവശ്യം എന്നാൽ സൗദി അറേബ്യ തള‌ളിയിരിക്കുകയാണ്. ഒപെക് രാജ്യങ്ങളിൽ ഏറ്റവുമധികം എണ്ണ ഉൽപാദിപ്പിക്കുന്ന സൗദി ഈ ആവശ്യം നിരാകരിച്ചതോടെ ആഗോള വിപണിയിൽ എണ്ണവില 85 ഡോളറായി.

നവംബറിൽ വിതരണം കൂട്ടുമെന്നാണ് സൗദി മുൻപ് അറിയിച്ചിരുന്നത്. ഇതേ സാദ്ധ്യമാകൂവെന്നാണ് ഇപ്പോഴും സൗദി നിലപാടെടുത്തിരിക്കുന്നത്. ഒപെക് തീരുമാനവും ഇതുതന്നെയാണ്. പ്രധാന ഊർജോൽപാദന സ്രോതസായ കൽക്കരിയുടെ ക്ഷാമം മൂലം പ്രകൃതി വാതകവും പെട്രോളിയം ഉൽപന്നങ്ങളും പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇത് കാരണം ഇവയുടെ വില ഇരട്ടിയോളമായി. ഈ സാഹചര്യത്തിലും വിതരണം വർദ്ധിപ്പിക്കാതെ കൊവിഡ് മൂലമുണ്ടായ തങ്ങളുടെ വലിയ നഷ്‌ടം നികത്താനാണ് മിക്ക എണ്ണ ഉൽപാദക രാജ്യങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്.