റാന്നിയിൽ വെള്ളം കയറി

Sunday 17 October 2021 12:03 AM IST
കരകവിഞ്ഞു ഒഴുകുന്ന മുക്കം കോസ്‌വേ

റാന്നി : കനത്ത മഴയിൽ റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കിഴക്കൻ മേഖലയിലെ മുഴുവൻ കോസ് വേകളിൽ വെള്ളം കയറിയതോടെ അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പമ്പാനദി കരകവിഞ്ഞ് റാന്നി ഉപാസനകടവിൽ വെള്ളംകയറി. എസ്.സി പടിയിലും ചെത്തോംങ്കരയിലും വെള്ളം കയറി സംസ്ഥാന പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. പ്രളയ സാദ്ധ്യത നിലനിൽക്കുന്നതിനാൽ വ്യാപാരികളും ജാഗ്രതയിലാണ്. ടൗണിലെ റോഡ് നിരപ്പിനു താഴെയുള്ള കടകളിൽ വെള്ളംകയറി. മുക്കം, കുരുമ്പൻമൂഴി, അരയാഞ്ഞിലിമൺ, എയ്ഞ്ചൽവാലി, കണമല കോസ് വേകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. മൂന്നുവശം വനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ട അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ഉച്ചയോടെയാണ് വെള്ളം ഇരച്ചു കയറാൻ തുടങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ പത്തടിയോളം വെള്ളം ഉയർന്നത് ജനങ്ങളിൽ പരിഭ്രാന്തി ഉയർത്തി. നാറാണംമൂഴി കൊച്ചുപാലം മുങ്ങിയതുമൂലം ഗതാഗതം തടസപ്പെട്ടു. വൻ മരങ്ങളാണ് കടപുഴകി ഒഴുകിയെത്തുന്നത്

റാന്നി താലൂക്ക് ആശുപത്രിയുടെ പിന്നിൽ മണ്ണിടിച്ചിലിൽ ഉണ്ടായതിനെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. കൊവിഡ് രോഗികൾക്കായി സജ്ജീകരിച്ചിരിക്കുന്ന കെട്ടിടത്തിന് പുറകിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കൊവിഡ് ടെസ്റ്റ് നടക്കുന്ന സ്ഥലത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വടശ്ശേരിക്കരയിൽ ചെറുകാവ് ദേവി ക്ഷേത്രത്തിന്റെ സമീപത്ത് മോഹനസദനത്തിൽ ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴ്ന്നു. സമീപത്തെ തൊഴുത്തിനും കേടുപാടുകൾ സംഭവിച്ചു. കുടമുരുട്ടി, അത്തിക്കയം, പെരുനാട്, മാമ്പാറ എന്നിവിടങ്ങളിൽ പലസ്ഥലത്തും വീടുകളുടെ മതിലുകളും കൽക്കെട്ടുകളും ഉൾപ്പെടെ ഇടിഞ്ഞു. ശക്തമായ മഴയിൽ തോടുകളും കരകവിഞ്ഞു ഒഴുകുകയാണ്.

Advertisement
Advertisement