ഇന്റർനെറ്റ് ആസക്തി കുറയ്ക്കാൻ ഇനിയുണ്ട് കൂടെ 'ഇ- മോചൻ '
കോഴിക്കോട്: ഇന്റർനെറ്റ് ആസക്തിയിൽ നിന്ന് പുതുതലമുറയ്ക്ക് രക്ഷയൊരുക്കാൻ വരുന്നു ഇ- മോചൻ. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലാണ് ഇന്റർനെറ്റ് അഡിക്ഷൻ റിക്കവറി ക്ലിനിക്ക് ആരംഭിക്കുന്നത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായാണ് ക്ലിനിക്ക് തുടങ്ങുന്നത്.
ഇന്റർനെറ്റ് ഗെയിമിനോടുളള ആസക്തി കുട്ടികളുടെ പഠനത്തെയും കുടുംബ ബന്ധത്തെയും സാരമായി ബാധിച്ചതായാണ് കണ്ടെത്തൽ. കുട്ടികളുടെ പെരുമാറ്റ വ്യതിയാനങ്ങൾ മനസിലാക്കി ഇടപെടാനും ഗെയിം ഡിസോർഡർ പോലുള്ള അവസ്ഥകളിൽ അകപ്പെട്ടവരെ അതിൽ നിന്ന് മുക്തമാക്കാൻ സഹായിക്കുകയുമാണ് ക്ലിനിക്കിന്റെ ലക്ഷ്യം. മനശാസ്ത്ര ചികിത്സയിലൂടെ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തി അവരെ ജീവിത വിജയത്തിലെത്തിക്കാൻ ആവശ്യമായ പരിശീലനം നൽകും.
ഇന്ന് രാവിലെ 10.30ന് ഹൈക്കോടതി ജഡ്ജിയും കെൽസ എക്‌സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഉദ്ഘാടനംചെയ്യും. ജില്ലാജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്‌സണുമായ രാഗിണി.പി അദ്ധ്യക്ഷത വഹിക്കും. കെൽസ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ നിസാർ അഹമ്മദ്.കെ.ടി മുഖ്യാതിഥിയായിരിക്കും. മാനസികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സന്ദീഷ് 'ഡിജിറ്റൽ ഡിറ്റോക്‌സ്' എന്ന വിഷയത്തിൽ മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കും. ഗവ. നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ നടത്തുന്ന മെന്റൽ ഹെൽത്ത് സംബന്ധമായ പ്രദർശനവും ഉണ്ടായിരിക്കും.