പേമാരിയിൽ പ്രളയഭീതി, മലവെള്ളപാച്ചിലും മണ്ണിടിച്ചിലും

Sunday 17 October 2021 12:23 AM IST
കനത്ത മഴയെ തുടർന്ന് റാന്നി -തിരുവല്ല റോഡിലെ മാമുക്ക് ജംഗ്ഷനിൽ വെളളം കയറിയപ്പോൾ

പത്തനംതിട്ട : ജില്ലയിൽ കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും മലവെള്ളപാച്ചിലും മണ്ണിടിച്ചിലും, പ്രളയ ഭീതിയിൽ ജനം. ഇന്നലെ ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ ജില്ലയിൽ 70 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. പമ്പ, അച്ചൻകോവിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഏറെ ആശങ്കയിലാണ് നാട്ടുകാർ. റാന്നിയിലും കോന്നിയിലും റോഡുകളിൽ വെള്ളം കയറി. റാന്നി താലൂക്ക് ആശുപത്രിയുടെ താഴത്തെ നിലയിൽ വെള്ളം കയറി. ആശുപത്രിയ്ക്ക് സമീപം മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

കോന്നി, കല്ലേലി ഭാഗങ്ങളിൽ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് നി ഉയർന്നു. കക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. എന്നാൽ, കക്കി ഡാമിന് താഴെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതായാണ് റിപ്പോർട്ട്. ജില്ലയിലെ ഡാമുകളുമായി ബന്ധപ്പെട്ട് നിരന്തരം സ്ഥിതിഗതികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി വരുന്നുണ്ട്. നിലവിൽ നിരണത്തും പന്തളത്തും രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ കൊവിഡ് കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളിലേക്ക് വരുന്നതിൽ രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം താമസിപ്പിക്കും. കൊവിഡ് പോസിറ്റീവായി വീടുകളിൽ ഐസലേഷനുകളിൽ ഉള്ളവരെ സി.എഫ്.എൽ.ടി.സികളിലും ഡി.സി.സികളിലും പാർപ്പിക്കും. കുളനടയിൽ എൻ.ഡി.ആർ.എഫിന്റെ 23 അംഗ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

പത്തനംതിട്ട കെ.എസ്.ആർ.ടി.സി

ഗാരേജിൽ വെള്ളം കയറി

പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഗാരേജിൽ വെള്ളം കയറി. ഇവിടുത്തെ യാർഡ് നിർമ്മാണത്തിലെ അപാകതയാണ് വെള്ളം കയറാൻ ഇടയായത്. യാർഡ് മണ്ണിട്ട് ഉയർത്തിയപ്പോൾ ഗാരേജ് താഴ്ന്ന ഭാഗത്തായി. ഗാരേജിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾ മുഴുവൻ വെള്ളത്തിലായി. ബസുകൾ ഗാരേജിൽ നിന്ന് മാറ്റി.

ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ പമ്പ, അച്ചൻകോവിൽ നദികളുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണം.
നിലവിൽ ആശങ്കയുടെ സാഹചര്യമില്ല. മഴ ശക്തമായ സാഹചര്യത്തിൽ ജില്ല അതീവ ജാഗ്രത പുലർത്തണം. ജലനിരപ്പ് ഉയരാനുള്ള സാഹചര്യം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. കക്കി അണക്കെട്ട് നിലവിൽ തുറക്കേണ്ട സാഹചര്യമില്ല.

വീണാ ജോർജ്, ആരോഗ്യമന്ത്രി

Advertisement
Advertisement