പൂഞ്ഞാറിൽ വെളളക്കെട്ടിലൂടെ കെഎസ്‌ആർടിസി ബസ് ഓടിച്ച സംഭവം; ഡ്രൈവറെ സസ്‌പെൻഡ് ചെയ്‌തു
കോട്ടയം: പൂഞ്ഞാർ ടൗണിൽ സെന്റ്.മേരീസ് പളളിയുടെ മുന്നിലെ വലിയ വെളളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‌ടവും വരുത്തിയ ഡ്രൈവർക്ക് സസ്‌പെൻഷൻ. കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്‌ടർക്ക് ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ നിർദ്ദേശമനുസരിച്ചാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്.ജയദീപിനെ സസ്‌പെൻഡ് ചെയ്‌തത്.
വെളളക്കെട്ട് കണ്ട് ഡ്രൈവർ നിർത്തിയിരുന്നെങ്കിലും പിന്നീട് മുന്നോട്ടെടുത്ത ബസ് വെളളക്കെട്ടിന്റെ
മദ്ധ്യത്തിൽ നിർത്തുകയും ശേഷം സെന്റ്.മേരീസ് പളളിയുടെ സമീപത്തേക്ക് ബസ് അടുപ്പിക്കുകയുമായിരുന്നു. ബസിലെ യാത്രക്കാരെ നാട്ടുകാരാണ് പുറത്തെത്തിച്ചത്. പിന്നീട് ബസ് വെളളക്കെട്ടിൽ നിന്ന് പളളിയുടെ പരിസരത്തേക്ക് നാട്ടുകാർ കയറ്റി. കോട്ടയം ജില്ലയിൽ മുഴുവനായും പത്തനംതിട്ടയുടെ കിഴക്കൻ മേഖലയിലും ശക്തമായ മഴ വലിയ വെളളക്കെട്ടിനും
മണ്ണിടിച്ചിലിനും ഇടയാക്കി.