കോന്നിയിൽ അടിയന്തര നടപടികൾ

Sunday 17 October 2021 12:31 AM IST

കോന്നി : മഴക്കെടുതി നേരിടാൻ അടിയന്തര നടപടികൾ കൈക്കൊള്ളാൻ കെ.യു. ജനീഷ്‌കുമാർ എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥതല യോഗത്തിൽ തീരുമാനമായി. നിയോജകമണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും പഞ്ചായത്ത് ഓഫീസുകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. പഞ്ചായത്ത് തലത്തിലും താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ അടിയന്തരമായി പ്രവർത്തനം ആരംഭിക്കാനും തീരുമാനമായി. എല്ലാ വില്ലേജിലെയും സ്കൂളുകളുടെ താക്കോൽ വില്ലേജ് ഓഫീസർമാർ വാങ്ങി സൂക്ഷിക്കും. ഒരു പഞ്ചായത്തിൽ 2 ക്യാമ്പുകൾ വീതം അടിയന്തരമായി ആരംഭിക്കും. കൊവിഡ് ബാധിതർക്ക് പ്രത്യേകമായി ക്യാമ്പ് തയ്യാറാക്കും. പഞ്ചായത്ത് ചുമതലയിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം മഴക്കെടുതി നേരിടാൻ രംഗത്തിറങ്ങും. എല്ലാ പഞ്ചായത്തിലും ആംബുലൻസുകളും ജെ.സി.ബികളും സജ്ജമാക്കി വയ്ക്കും. പൊലീസ് - വനം - ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് രംഗത്തിറങ്ങണമെന്നും യോഗം തീരുമാനിച്ചു. വെള്ളം കയറിയതിനെ തുടർന്ന് കലഞ്ഞൂരിൽ നാലും കോന്നിയിൽ ഒരു കുടുംബത്തെയും മാറ്റിപാർപ്പിച്ചു. ചിറ്റാറിൽ ശ്രീകൃഷ്ണപുരത്ത് 4 വീടുകളിൽ വെള്ളം കയറി. മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ കല്ലാറിന്റെ തീരത്തുള്ള 15 വീട്ടുകാർ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന് വില്ലേജ് ഓഫീസർ യോഗത്തെ അറിയിച്ചു. മണ്ഡലത്തിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. പല വീടുകളും സംരക്ഷണഭിത്തി തകർന്ന് അപകടാവസ്ഥയിലാണ്. കോന്നി പഞ്ചായത്തിലെ കൊന്നപ്പാറ, ചെമ്മാനി, ചിറ്റൂർമുക്ക് വാർഡുകളിൽ വീടുകളുടെ സംരക്ഷണഭിത്തികൾ ഇടിഞ്ഞു.

താലൂക്ക് ഓഫീസിലെ കൺട്രോൾ

റൂം നമ്പർ : 0468-2240087