പെരുമഴയത്ത് കുടുങ്ങിയ ഗർഭിണിക്കും അമ്മയ്ക്കും ഔദ്യോഗികവാഹനം വിട്ടുനൽകി ചീഫ് വിപ്പ്

Sunday 17 October 2021 12:15 AM IST

കാഞ്ഞിരപ്പള്ളി : പെരുമഴയത്ത് കുടുങ്ങിയ ഗർഭിണിക്കും മാതാവിനും ആശുപത്രിയിലെത്താൻ ഔദ്യോഗികവാഹനം വിട്ടുനൽകി ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുരിശുങ്കൽ ജംഗ്ഷനിൽ അവശയായി നിൽക്കുന്ന പൂർണഗർഭിണിയായ യുവതിയേയും മാതാവിനെയും സ്ഥലം എം.എൽ.എ കൂടിയായ ജയരാജ് കണ്ടത്. വാഹനം നിറുത്തി പുറത്തിറങ്ങിയ അദ്ദേഹം വിവരം ആരാഞ്ഞു. തുടർന്ന് ഇരുവരെയും ജംഗ്ഷനിൽ നിന്ന് അരക്കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കാൻ ഡ്രൈവർക്ക് നിർദേശം നൽകുകയായിരുന്നു. ജംഗ്ഷനിൽ കാത്തുനിന്ന അദ്ദേഹം വാഹനം മടങ്ങിയെത്തിയ ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ടു.