പത്തനംതിട്ടയിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും

Sunday 17 October 2021 12:16 AM IST

പത്തനംതിട്ട :കിഴക്കൻ മേഖലകളിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും രൂക്ഷം. കണിച്ചേരിക്കുഴിയിൽ വീട്ടുമുറ്റത്തു കിടന്ന കാർ ഒഴുകി മതിലിൽ ഇടിച്ചുനിന്നു. നന്നുവക്കാട്ട് വീട് തകർന്നു. വടശേരിക്കരയിൽ കിണർ ഇടിഞ്ഞുതാണു. ചെങ്ങറ സമരഭൂമിയിൽ രണ്ടുപേർക്ക് ഇടിമിന്നലേറ്റു.പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയർന്നു.

കക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണെങ്കിലും താഴെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ട്.

ശബരിമലയിൽ പമ്പാനദിയിൽ ഇറങ്ങുന്നത് വിലക്കി. മലയോര പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശമുണ്ട്.

നിരണത്തും പന്തളത്തും രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പന്തളം കുളനടയിൽ ദുരന്തനിവാരണ സേനയുടെ 23 അംഗ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.