സാഫ് കപ്പിൽ ഇന്ത്യൻ മുത്തം, നേപ്പാളിനെ തോൽപ്പിച്ച് ഇന്ത്യ സാഫ് കപ്പ് ഫുട്ബാൾ കിരീടം സ്വന്തമാക്കി

Sunday 17 October 2021 12:00 AM IST

ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത് സുനിൽ ഛെത്രിയും സുരേഷ് വാംഗ്ജാമും സഹലും

മാലെ: ദക്ഷിണേഷ്യയിലെ പ്രധാന ഫുട്ബാൾ ടൂർണമെന്റുകളിൽ ഒന്നായ സാഫ് ചാമ്പ്യൻഷിപ്പിൽ ഒരിക്കൽക്കൂടി ജേതാക്കളായി ഇന്ത്യ. ഇന്നലെ നടന്ന ഫൈനലിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് നേപ്പാളിനെ കീഴടക്കിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. നായകൻ സുനിൽ ഛെത്രിയും സ്ട്രൈക്കർ സുരേഷ് സിംഗ് വാംഗ്ജാമും രണ്ടാം പകുതിയിൽ ഒരുമിനിട്ടിന്റെ ഇടവേളയിൽ ഇന്ത്യയ്ക്ക് വേണ്ടി ഗോളുകൾ നേടി ലീഡ് നൽകിയപ്പോൾ ഇൻജുറി ടൈമിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് മൂന്നാം ഗോളും നേടി.

പ്രാഥമിക റൗണ്ടിൽ 1-0ത്തിന് നേപ്പാളിനെ തളച്ചിരുന്ന ഇന്ത്യ ഇന്നലെയും ആദ്യ പകുതിയിൽ സ്കോർ ചെയ്തിരുന്നില്ല. 49-ാം മിനിട്ടിലാണ് ഛെത്രി ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. ഇതോടെ അന്താരാഷ്ട്ര ഗോൾ വേട്ടയിൽ ഛെത്രി അർജന്റീനാ ഇതിഹാസം ലയണൽ മെസിയുടെ 80 ഗോളുകളുടെ എണ്ണത്തിനാെപ്പമെത്തി. തൊട്ടടുത്ത മിനിട്ടിലായിരുന്നു സുരേഷിന്റെ ഗോൾ. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് സഹലും സ്കോറർമാരുടെ പട്ടികയിൽ ഇടം പിടിച്ചു.

ഛെത്രി 80

ഇന്ത്യൻ നായകൻ സുനിൽ ഛെത്രി അന്താരാഷ്ട്ര ഫുട്ബാളിൽ 80 ഗോളുകളുമായി ആൾടൈം ടോപ് സ്കോററർ പട്ടികയിൽ മെസിക്കൊപ്പം അഞ്ചാം സ്ഥാനത്ത്.

തന്റെ 125-ാമത് മത്സരത്തിലാണ് ഛെത്രി 80 ഗോളുകൾ തികച്ചത്. 156 മത്സരങ്ങളിൽ നിന്നാണ് മെസി 80 ഗോളുകൾ നേടിയത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ(115),അലി ദേയ്(109),മൊക്താർ ദാഹിരി(89),ഫെറങ്ക് പുഷ്കാസ് (84) എന്നിവരാണ് മെസിക്കും ഛെത്രിക്കും മുന്നിലുള്ളത്.

ഇപ്പോഴും കളിക്കുന്നവരിൽ ക്രിസ്റ്റ്യാനോ മാത്രമാണ് മെസിയേയും ഛെത്രിയേയുംകാൾ കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്.

ഇന്ത്യ 8

ഇത് എട്ടാം തവണയാണ് ഇന്ത്യ സാഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്.

1993,1997,1999,2005,2009,2011,2015 വർഷങ്ങളിലാണ് ഇതിന് മുമ്പ് ചാമ്പ്യന്മാരായത്.

2015ൽ തിരുവനന്തപുരത്ത് വച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം.

ഏറ്റവും കൂടുതൽ തവണ സാഫ് കിരീടം നേടിയ ടീമും ഇന്ത്യയാണ്.

Advertisement
Advertisement