ജില്ലയിൽ ഓറഞ്ച് അലർട്ട്

Sunday 17 October 2021 12:47 AM IST
തു​ട​ർ​ച്ച​യാ​യ​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​അ​ഞ്ച​ൽ​-​ ​ആ​യൂ​ർ​ ​റോ​ഡി​ൽ​ ​പെ​രു​ങ്ങ​ള്ളൂ​ർ​ ​ഭാ​ഗ​ത്തെ​ ​റോ​ഡ് ​പൂ​ർ​ണ​മാ​യും​ ​ത​ക​ർ​ന്ന​പ്പോൾ

കൊല്ലം : ജില്ലയിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടുതൽ നിയന്ത്രണങ്ങൾ ജില്ലയിൽ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. മലയോര മേഖലകളിലേയും ജലാശയങ്ങളിലെയും വിനോദ സഞ്ചാരം ഒഴിവാക്കാൻ വനം വകുപ്പും ഡി.ടി.പി.സി സെക്രട്ടറിയും ആവശ്യമായ നടപടി സ്വീകരിക്കും. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകും. ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കണം. ജില്ലയിലെ എല്ലാ വിധത്തിലുമുള്ള ഖനന പ്രവർത്തനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. നദീതീരങ്ങളിലും പാലങ്ങളിലും കൂട്ടംകൂടി നിൽക്കുന്നതും സെൽഫിയെടുക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികൾ മൈക്ക് അനൗൺസ്മെന്റിലൂടെയും അല്ലാതെയും പൊതു ജനങ്ങളെ അറിയിക്കണം. ജില്ലയിലെ മലയോരമേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതം ഓറഞ്ച് അലർട്ട് ഉളള ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ രാവിലെ 7 മണിവരെ നിയന്ത്രിക്കേണ്ടതാണ്. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ഈ മേഖലയിലൂടെ യാത്ര അനുവദിക്കില്ല.