മൂന്നാറിലേക്കുള്ള ആദ്യ സർവീസിന് മലപ്പുറത്ത് തുടക്കമായി

Sunday 17 October 2021 1:06 AM IST

മലപ്പുറം: മൂന്നാറിന്റെ സൗന്ദര്യം നേരിൽ കണ്ട് ആസ്വദിക്കാനായി 48 യാത്രക്കാരുമായി മലപ്പുറം ഡിപ്പോയിൽ നിന്നുള്ള ആദ്യ കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്ക് തുടക്കമായി. മലപ്പുറം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും ആരംഭിച്ച ബസ് സർവീസ് പി. ഉബൈദുള്ള എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു.

ഇതുവരെ 547 പേരാണ് മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് പോകാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്‌ട്രേഷൻ കൂടുന്നതിനാൽ ദിവസവും സർവീസ് നടത്താനാണ് തീരുമാനം. മലപ്പുറം മൂന്നാർ സർവീസ് വിജയകരമായാൽ ഇവിടെ നിന്നും ഗവിയിലേക്കും സർവീസ് ആരംഭിക്കുമെന്ന് കെ.എസ്.ആർ. ടി. സി അറിയിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. രാത്രിയോട് കൂടി മൂന്നാറിൽ എത്തുന്ന രീതിയിലാണ് യാത്രാ ക്രമീകരണം. മൂന്നാറിൽ സ്ലീപ്പർ ബസിലാണ് യാത്രക്കാർക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ സൈറ്റ് സീയിംഗിനു കെ.എസ്.ആർ. ടി.സി സൗകര്യം തന്നെയാണ്. യാത്രക്കാർക്ക് ഭക്ഷണം, പാർക്കുകളിലേക്കുള്ള പ്രവേശനച്ചെലവ് എന്നിവ മാത്രം വേണ്ടിവരും. തിരിച്ചുള്ള യാത്രയും ഇതേ ബസിൽ തന്നെ ആയിരിക്കും. ആദ്യയാത്രയിൽ കൂടുതലും ഫാമിലിയാണ്. ഇന്ന് 80 ആളുകളുമായി രണ്ട് സർവീസാണ് യാത്രയ്ക്ക് ഒരുങ്ങുന്നത്. ഒരു സൂപ്പർ ഡീലക്സും എ.സി ബസുമാണ് യാത്രയ്ക്ക് ഒരുക്കിയിട്ടുള്ളത്. അടുത്ത ദിവസം 48 പേരുള്ള സർവീസാണ് ഉണ്ടാവുക.

വിശദവിവരങ്ങൾക്ക്: 04832734950, mpm@kerala.gov.in (കെ.എസ്.ആർ.ടി.സി മലപ്പുറം), 0486 5230201, mnr@kerala.gov.in , കെ.എസ്.ആർ.ടി.സി കൺട്രോൾ റൂം; 0471 2463799, 9447071021.