പുതിയ ഉയരത്തിലേക്ക് ബിറ്റ്‌കോയിന്റെ മൂല്യം

Sunday 17 October 2021 3:14 AM IST

കൊച്ചി: ആഗോളതലത്തിൽ അനുദിനം സ്വീകാര്യതയേറുന്ന ഡിജിറ്റൽ നാണയമായ ബിറ്റ്‌കോയിന്റെ മൂല്യം ആറുമാസത്തിന് ശേഷം വീണ്ടും 60,000 ഡോളർ (44.18 ലക്ഷം രൂപ) ഭേദിച്ചു. ബിറ്റ്‌കോയിൻ അടിസ്ഥാനമായുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിന് (ഇ.ടി.എഫ്) അമേരിക്കൻ ഭരണകൂടം അനുമതി നൽകിയേക്കുമെന്ന റിപ്പോർട്ടുകളാണ് കരുത്താകുന്നത്.

കഴിഞ്ഞ ഏപ്രിലിൽ രേഖപ്പെടുത്തിയ 64,895 ഡോളറാണ് (47.79 ലക്ഷം രൂപ) ബിറ്റ്‌കോയിന്റെ സർവകാല റെക്കാഡ് ഉയരം. ഈയാഴ്‌ച തന്നെ ഈ റെക്കാഡ് ബിറ്റ്‌കോയിൻ മറികടന്നേക്കും.

കാനഡയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും നേരത്തേ ക്രിപ്‌റ്റോ ഇ.ടി.എഫിന് തുടക്കമിട്ടിരുന്നു. ബ്ളോക്ക്‌ചെയിൻ സാങ്കേതികവിദ്യയാൽ നിർമ്മിക്കപ്പെട്ട 'സാങ്കൽപ്പിക" കറൻസികളാണ് ക്രിപ്‌റ്റോകറൻസികൾ. എഥറിയം, ബൈനാൻസ് കോയിൻ, കാർഡാനോ, ഡോജ്കോയിൻ, റിപ്പിൾ, പോൾകാഡോട്ട്, ചെയിൻ ലിങ്ക്, ലൈറ്റ്‌കോയിൻ, പോളിഗൺ എന്നിവയാണ് മറ്റ് ശ്രദ്ധേയ ക്രിപ്‌റ്റോകൾ. ഏറ്റവും മൂല്യം ബിറ്റ്‌കോയിനാണ്.