ഉത്സവകാലം: 4 ദിവസത്തിനിടെ ഇ-വിപണിയുടെ വരുമാനം ₹20,000 കോടി

Sunday 17 October 2021 3:19 AM IST

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ഓഫർ വില്പനയുടെ ആദ്യ നാലുദിവസങ്ങളിലായി രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോമുകൾ രേഖപ്പെടുത്തിയ വരുമാനം 270 കോടി ഡോളർ (ഏകദേശം 20,000 കോടി രൂപ). അടുത്ത അഞ്ചുദിവസത്തിനകം 210 കോടി ഡോളറിന്റെ (15,500 കോടി രൂപ) വരുമാനം കൂടി പ്രതീക്ഷിക്കുന്നു.

കൺസൾട്ടിംഗ് സ്ഥാപനമായ റെഡ്സീറിന്റെ വിലയിരുത്തൽ പ്രകാരം ഈ ഉത്സവകാലത്ത് ആകെ 900 കോടി ഡോളറിന്റെ (66,000 കോടി രൂപ) വില്പനയാണ് ഇ-വിപണി കുറിക്കുക. 2020ലെ സമാനകാലത്തെ 740 കോടി ഡോളറിനേക്കാൾ (54,500 കോടി രൂപ) 23 ശതമാനം അധികം. ഇത്തവണ ആദ്യ ആഴ്‌ചയിൽ പ്രതീക്ഷിക്കുന്ന 480 കോടി ഡോള‌ർ (35,400 കോടി രൂപ) 2020ലെ സമാനകാലത്തേക്കാൾ 30 ശതമാനം കൂടുതലാണ്.

ഇക്കുറി ആദ്യ നാലുദിവസത്തെ കച്ചവടത്തിൽ 50 ശതമാനവും സ്മാർട്ട്ഫോണുകളാണ്. 2024ഓടെ ഇന്ത്യൻ ഇ-വിപണിയുടെ മൂല്യം 11,100 കോടി ഡോളറാകുമെന്നാണ് (എട്ടുലക്ഷം കോടി രൂപ) കരുതപ്പെടുന്നത്.

Advertisement
Advertisement