'പിണറായി വിജയൻ സാറേ എനിക്ക് രണ്ട് സെന്റ് മണ്ണും ചെറിയ കൂരയും തരണേ' ചങ്കുപൊട്ടി ഒരമ്മ

Sunday 17 October 2021 11:35 AM IST

കോട്ടയം:ഒരായുഷ്‌കാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി പോകുക...കൃഷിയും, വീടും എല്ലാം പോയി. അത്തരത്തിൽ ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ നിലവിളിക്കുകയാണ് കൂട്ടിക്കലിലെയും കൊക്കയാറിലെയും പ്രദേശവാസികൾ.

രണ്ട് സെന്റ് മണ്ണും ഒരു ചെറിയ കൂരയും തരണമെന്ന ഒരു വയോധികയുടെ നിലവിളി ദുരന്തത്തിന്റെ നേർചിത്രം വ്യക്തമാക്കുന്നു. 'എനിക്ക് വീടില്ല, എനിക്ക് വാതിലില്ല... എന്റെ പിണറായി വിജയൻ സാറേ എനിക്ക് രണ്ട് സെന്റ് മണ്ണും ചെറിയ കൂരയും തരണേ...വോട്ട് കൊടുത്ത് വിജയിപ്പിച്ചതിന്റെ ബലം കൊണ്ടെങ്കിലും എനിക്ക് രണ്ട് സെന്റ് സ്ഥലവും വീടും തരണേ'- വയോധിക ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ജീവൻ മാത്രം കിട്ടി ബാക്കിയൊന്നുമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അതേസമയം കൂട്ടിക്കലിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 40 അംഗ സൈന്യമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഉരുൾപൊട്ടലിൽ മരണം ഒൻപതായി. കൊക്കയാറിൽ എട്ടുപേരെയാണ് കണ്ടെത്താനുള്ളത്.