ഒരുക്കം തുടങ്ങി സ്കൂൾ തുറക്കാൻ, വാക്സിനേഷന് വേഗം കൂട്ടും

Monday 18 October 2021 12:02 AM IST
കോഴിക്കോട് ഗ​വ.​ ​ഫി​ഷ​റീ​സ് ​യു.​പി​ ​സ്കൂ​ൾ​ ​ര​ക്ഷി​താ​ക്ക​ളും​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​ചേ​ർ​ന്ന് ​ശു​ചീ​ക​രി​ക്കു​ന്നു

കോഴിക്കോട് : കൊവിഡിൽ അടച്ചിട്ട സ്കൂളുകൾ നവംബർ ഒന്നിന് പൂർണമായും തുറക്കാൻ തീരുമാനിച്ചതോടെ മുന്നൊരുക്കങ്ങളും തുടങ്ങി. സ്കൂളുകളുടെ ശുചീകരണവും നവീകരണവും ഈ മാസം 21ന് മുമ്പായി പൂർത്തിയാക്കും. ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് പുറമെ പഞ്ചായത്തിന്റെ കൂടി നിരീക്ഷണം ഇക്കാര്യത്തിലുണ്ടാവും. ജീവനക്കാരുടെ വാക്സിനേഷൻ സ്കൂൾ തുറക്കുന്നതിന് മുമ്പെ പൂർത്തിയാക്കാനാണ് തീരുമാനം. ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്ത 443 ജീവനക്കാർക്കായി പ്രത്യേക വാക്‌സിനേഷൻ ക്യാമ്പ് നടത്തും. സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്ത വിദ്യാലയങ്ങൾ ഒരു വട്ടം കൂടി സന്ദർശിച്ച് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നടപടികൾ വേഗത്തിലാക്കും.

സ്‌കൂൾ ബസുകൾക്ക് ഫിറ്റ്‌നസ് നൽകുന്നതിന് വാഹന പരിശോധന ക്യാമ്പ് 20ന് മുമ്പായി നടത്തും.

ഹോമിയോപ്പതി ഇമ്യൂൺ ബൂസ്റ്റർ മരുന്നുകളുടെ വിതരണം 'കരുതലോടെ മുന്നോട്ട്' എന്ന പദ്ധതി വഴി ഒക്ടോബർ 25, 26, 27 തീയതികളിൽ നടത്തും. വിദ്യാലയങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറക്കുമ്പോൾ കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജില്ലയിൽ ഇതുവരെ നടത്തിയ മുന്നൊരുക്കങ്ങൾ വിവിധ വകുപ്പ് മേധാവികൾ കളക്ടറുമായി ചർച്ച നടത്തി. സന്നദ്ധ സംഘടനകൾ, പി.ടി.എ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂളുകളുടെ നവീകരണവും ശുചീകരണവും പുരോഗമിക്കുന്നത്.