അകറ്റിമാറ്റണം ഇന്റർനെറ്റ് ലഹരി: ജസ്റ്റിസ് കെ.വിനോദ്ചന്ദ്രൻ

Monday 18 October 2021 12:02 AM IST

കോഴിക്കോട്: കൊച്ചുകുട്ടികളെ പോലും കെണിയിൽ വീഴ്‌ത്തുന്ന തരത്തിലേക്ക് ഇന്റർനെറ്റ് ലഹരി പടർന്നിരിക്കുകയാണെന്ന് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ.വിനോദ്ചന്ദ്രൻ പറഞ്ഞു. വലിയ സാമൂഹിക വിപത്തായി മാറുന്ന ഈ പ്രശ്നത്തെ ശാസ്‌ത്രീയമായി തന്നെ ചെറുക്കേണ്ടതുണ്ട്.

ലഹരിശീലത്തിലൂടെ വന്നുപെടുന്ന പെരുമാറ്റ വെെകല്യങ്ങൾ അവഗണിച്ചുകൂടാ. കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി താലൂക്ക്, പഞ്ചായത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്റർനെറ്റ് ആസക്തിയിൽ നിന്ന് രക്ഷയൊരുക്കാൻ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച 'ഇ മോചൻ" അഡിക്‌ഷൻ റിക്കവറി ക്ലിനിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലിനിക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസയർപ്പിച്ചു.

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്ലിനിക്ക് ഒരുക്കിയത്.

ഇന്റർനെറ്റ് ഗെയിമിനോടുളള ആസക്തി കുട്ടികളുടെ പഠനത്തെയും കുടുംബബന്ധങ്ങളെ പോലും സാരമായി ബാധിച്ചിരിക്കെ, അത്തരം കെണിയിലകപ്പെട്ടവരെ ആ ശീലത്തിൽ മുക്തമാക്കാൻ സഹായിക്കുകയാണ് ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം. ഒ.പി യിൽ ക്ലിനിക്കൽ സെെക്യാട്രിസ്റ്ര്, സെെക്യാട്രിസ്റ്റ് തുടങ്ങിയവരുടെ സേവനം ലഭ്യമായിരിക്കും.

ചടങ്ങിൽ ജില്ലാ ലീഗൽ സർവിസസ് അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ ജഡ്‌ജി പി. രാഗിണി അദ്ധ്യക്ഷത വഹിച്ചു. കെൽസ മെമ്പർ സെക്രട്ടറിയായ ജില്ലാ ജഡ്‌ജി കെ.ടി നിസാർ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. 'ഡിജിറ്റൽ ഡിറ്റോക്സ് ' എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സന്ദീഷ് മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. സൂപ്രണ്ട് ഡോ.കെ.സി രമേശൻ, സിറ്റി ഡി.സി.പി സ്വപ്‌നിൽ മഹാജൻ, അഡിഷണൽ ഡി.എം.ഒ ഡോ.എൻ. രാജേന്ദ്രൻ, ഡോ.കെ.കെ ശിവദാസൻ എന്നിവർ സംസാരിച്ചു.