കോന്നിയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത
കോന്നി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കോന്നി താലൂക്കിലെ 20 പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്നാണ് റവന്യു വകുപ്പിന്റെ റിപ്പോർട്ട്. ഈ മേഖലകളിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കോന്നി പൊന്തനാംകുഴി, മുതുപേഴുങ്കൽ, മ്ലാന്തടം, ക്വാറി മുരുപ്പ്, കൊല്ലൻപടി, മുറ്റാകുഴി, പനനിൽക്കുംമുകളിൽ, കല്ലേലിവെള്ളികെട്ടി, ഊട്ടുപാറമിച്ചഭൂമി, തേക്കുതോട്, തണ്ണിത്തോട്, മണ്ണീറ, എലിമുള്ളുംപ്ലാക്കൽ, കൊക്കാത്തോട് ,ആവോലിക്കുഴി , അതിരുങ്കൽ, മലയാലപ്പുഴ കടവുപുഴ, എന്നിവിടങ്ങളിൽ മഴക്കെടുതികൾ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് കരുതുന്നത്.അച്ചൻകോവിൽ, കല്ലാർ നദികളുടെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെയും മഴ തുടർന്നു. നദീ തീരങ്ങളിലും മലയോരമേഖലയിലുമുള്ളവർ ഭയത്തോടെയാണ് രാത്രി കഴിച്ചുകൂട്ടിയത്. ചങ്കൂർമുക്ക്, അട്ടച്ചാക്കൽ, അരുവാപ്പുലം, വകയാർ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിലേക്ക് വെള്ളം കയറി. മലയോര മേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷിണി നിലനിൽക്കുന്നു.
അരുവാപ്പുലം പഞ്ചായത്തിലെ വയക്കര ഒറ്റപ്പെട്ടു. ഇവിടുത്തെ ആറു കുടുംബങ്ങളിലെ ഇരുപത്തിയാറുപേരെ താത്‌കാലിക ഷെഡിലേക്കുമാറ്റി. ഈ ആഴ്ച രണ്ടാം തവണയാണിവരെ താത്കാലിക ഷെഡിലേക്കു മാറ്റുന്നത്.
പ്രമാടം : അച്ചൻകോവിലാറ് കരകവിഞ്ഞതിനെ തുടർന്ന് പ്രമാടം ഗ്രാമപഞ്ചായത്തിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ, വലഞ്ചുഴി എൻ.എസ്.എസ് കരയോഗ മന്ദിരം, തെങ്ങുംകാവ് ഗവ. എൽ.പി സ്കൂൾ, ഇളകൊള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയത്.
പ്രമാടം ഗ്രാമം ഒറ്റപ്പെട്ടു. ഇന്നലെ പ്രമാടം നിവാസികൾക്ക് ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെടാൻ മല്ലശേരിമുക്ക് റോഡ് മാത്രമാണ് ആശ്രയമായിരുന്നത്. എന്നാൽ ഇവിടെയും വൈകിട്ടോടെ റോഡിലേക്ക് വെള്ളം കയറിത്തുടങ്ങി പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ, അമ്പലം ജംഗ്ഷൻ, പനയ്ക്കക്കുഴിപടി ഭാഗങ്ങളിലൂടെ ജില്ലാ ആസ്ഥാനത്തേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.