വെള്ളം നിറഞ്ഞ് മല്ലപ്പള്ളി

Sunday 17 October 2021 11:25 PM IST

മല്ലപ്പള്ളി: കനത്ത മഴയിൽ താലൂക്കിലെ മിക്ക ഭാഗങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടു. കോട്ടാങ്ങൽ, ചുങ്കപ്പാറ, മല്ലപ്പള്ളി ടൗൺ ആനിക്കാട് ,മുരണി, വായ്പൂര് ,കീഴ്‌വായ്പൂര് പ്രദേശങ്ങളിലേക്കുള്ള ഗതാഗതം മുടങ്ങി. മല്ലപ്പള്ളി ടൗണിൽനിന്ന് വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസം നൂറോളം കുടുംബങ്ങൾ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയിരുന്നു. മുരണിയിൽ പത്തോളം കുടുംബങ്ങൾ വീടിന്റെ മുകൾ നിലയിലാണ് കഴിഞ്ഞത്. എൻ.ഡി.ആർ.എഫിന്റെയും സന്നദ്ധ സേനയുടെയും പൊലീസിന്റെയും സംഘങ്ങൾ രാത്രിമുഴുവൻ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നുണ്ടായിരുന്നു.മല്ലപ്പള്ളി ടൗണിൽ കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സമീപം കുടുങ്ങിപ്പോയ കുടുംബത്തിലെ എല്ലാവരെയും അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്.

വെണ്ണിക്കുളം ഭാഗത്തേക്കുള്ള എല്ലാ വഴിയിലും വെള്ളം കയറി. ഇവിടം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. പുറമറ്റം പഞ്ചായത്തിലാണ് വെണ്ണിക്കുളം ജംഗ്ഷൻ. തിരുവല്ല - റാന്നി, റാന്നി - തടിയൂർ, കോട്ടയം - മല്ലപ്പള്ളി, കോഴഞ്ചേരി റോഡുകൾ വന്നു ചേരുന്ന ജംഗ്ഷനാണിത്. ശനിയാഴ്ച രാത്രി പത്തിന് ശേഷമാണ് ഇവിടെ വെള്ളം കയറിത്തുടങ്ങിയത്. ഈ ഭാഗത്തെ എല്ലാ കടകളിലും വെള്ളം കയറി വൻ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. 2018ലെ പ്രളയത്തിൽ പോലും ഇവിടെ വെള്ളം കയറിയിരുന്നില്ല. പുറമറ്റം പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്തുള്ള ഒന്ന് മുതൽ അഞ്ച് വരെയുള്ള വാർഡുകളിൽ വെള്ളം കയറി. ഇവിടെ അഞ്ച് ക്യാമ്പുകളിലായി 110 പേർ താമസിക്കുന്നുണ്ട്. കൊവിഡ് രോഗികളായ നാലുപേരെ ഡി.സി.സി കളിലേക്ക് മാറ്റി. വാഹന ഗതാഗതവും വൈദ്യുതിയും പുന:സ്ഥാപിച്ചിട്ടില്ല.

Advertisement
Advertisement