കൈപ്പട്ടൂർ പാലം: അപ്രോച്ച് റോഡിന്റെ ഭിത്തിയിൽ വിള്ളൽ

Sunday 17 October 2021 11:27 PM IST

ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

പാലത്തിന് കുലുക്കമെന്ന് നാട്ടുകാർ

പത്തനംതിട്ട: അടൂർ, പന്തളം മേഖലയെ പത്തനംതിട്ടയുമായി ബന്ധിപ്പിക്കുന്ന കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ കരിങ്കൽ ഭിത്തിയിൽ വിള്ളൽ.

പാലത്തിന്റെ കിഴക്ക് ഓമല്ലൂർ ഭാഗത്ത് അപ്രോച്ച് റോഡിലെ കരിങ്കൽ ഭിത്തി ഇളകി മാറി വൻതോതിൽ മണ്ണ് ഒലിച്ചുപോയ നിലയാണ്. റോഡിന് മുകളിലെ ടാറിംഗിൽ വിടവ് രൂപപ്പെട്ടിട്ടുണ്ട്. പാലത്തിന് ബലക്ഷയമില്ലെങ്കിലും റോഡ് തകർച്ചാ ഭീഷണിയിലാണെന്നാണ് നിഗമനം.

അപ്രോച്ച് റോഡ് താഴേക്ക് ഇരുത്തിയെന്ന് പ്രദേശവാസികൾ ഇന്നലെ പൊലീസിൽ അറിയിച്ചിരുന്നു. പത്തനംതിട്ട സി.ഐ ജി. സുനിലും എസ്.എെ ബൈജുവും സ്ഥലത്തെത്തി. ദേശീയപാത റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ വിവരം അറിയിച്ചതിനെ തുടർന്ന് ബൈപ്പാസ് വിഭാഗം അസി.എൻജിനീയർ സജി കുഞ്ഞുമോന്റെ നേതൃത്വത്തിൽ കൈപ്പട്ടൂരിലെത്തി പാലവും റോഡും പരിശോധിച്ചു. പാലത്തിന് ബലക്ഷയമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപ്രോച്ച് റോഡിന്റെ ഭിത്തിയിലെ പാറക്കല്ലുകൾ ഇളകിയിട്ടുണ്ട്. ഇവിടെ മണൽചാക്കുകൾ അടുക്കി താത്കാലിക പരിഹാരം കാണും. നദിയിലെ വെള്ളം താഴ്ന്ന ശേഷം അപ്രോച്ച് റോഡ് ബലപ്പെടുത്തും.

പത്ത് വർഷം മുമ്പ് ഇതേ സ്ഥലത്ത് അപ്രോച്ച് റോഡ് പൂർണമായും തകർന്നിരുന്നു. ഒരു വർഷത്തോളം ഗതാഗതം തിരിച്ചുവിട്ടാണ് അന്ന് പണി പൂർത്തിയാക്കിയത്.

പാലത്തിന് സമീപം താഴ്ഭാഗത്ത് അഞ്ച് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ വലിയ വാഹനങ്ങൾ പോകുമ്പോൾ ശക്തമായ കുലുക്കം അനുഭവപ്പെടാറുണ്ടെന്ന് ഇവർ പറയുന്നു.
വിവരം അറിഞ്ഞ് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, പത്തനംതിട്ട പൊതുമരാമത്ത് എൻജിനീയർ സുരേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.

വിദഗ്ദ്ധ പരിശോധന നടത്തും

സ്ഥലത്ത് രണ്ട് ദിവസത്തിനുള്ളിൽ ദേശീയ പാത റോഡ് വിഭാഗം വിദഗ്ദ്ധർ വിശദ പരിശോധന നടത്തും. ഭാരവാഹനങ്ങൾ കടന്നു പോകുന്നത് നിയന്ത്രിക്കണമോയെന്ന് അപ്പോൾ തീരുമാനിക്കും. ആവശ്യമെങ്കിൽ 25 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനയാത്ര നിരോധിക്കും.

റോഡ് അറ്റകുറ്റപ്പണിക്ക് 10 കോടി

പത്തനംതിട്ട: കൈപ്പട്ടൂർ പാലം മുതൽ പത്തനംതിട്ട വരെ അഞ്ചര കിലോമീറ്റർ റോഡ് ടാർ ചെയ്യാൻ 10 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് ദേശീയപാത വിഭാഗം അധികൃതർ പറഞ്ഞു. ടെൻഡർ വിളിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് ഉയർത്തി ബലപ്പെടുത്തുകയും ചെയ്യും. ടെൻഡർ വിളിച്ചാൽ ഒരു മാസം കഴിഞ്ഞ് റോഡ് നിർമ്മാണം തുടങ്ങും.

Advertisement
Advertisement