കോട്ടയത്തിന് 8.60കോടിയുടെ സഹായം

Sunday 17 October 2021 11:41 PM IST

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പ്രളയവും മണ്ണിടിച്ചിലും ഉണ്ടായ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചൽ,കോട്ടയം താലൂക്കുകളിൽ അടിയന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 8.60കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. കോട്ടയം ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീടുകളുടെ അറ്റകുറ്റപ്പണിക്കായി ആറു കോടി, ഭക്ഷണത്തിനും വസ്ത്രങ്ങൾക്കുമായി ഒരു കോടി, ദുരന്തബാധിത കുടുംബങ്ങൾക്കായി 60ലക്ഷം, മാറ്റിപാർപ്പിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി 50ലക്ഷവും വീതമാണ് അനുവദിച്ചത്. ദുരന്തബാധിത പ്രദേശങ്ങളിൽ വീടുകൾ ഒലിച്ചുപോകുകയും നിരവധി വീടുകൾക്ക് ഭാഗിക നാശനഷ്ടമുണ്ടാകുകയും ചെയ്തു. വ്യാപക കൃഷിനാശമുണ്ടാകുകയും നിരവധി റോഡുകൾ തകർന്നതായും കളക്ടറുടെ റിപ്പോർട്ടിലുണ്ട്.

Advertisement
Advertisement