സംവരണമില്ലാതെ എയ്‌ഡഡ് പ്ലസ് വൺ; പിന്നാക്ക കുട്ടികൾക്ക് നഷ്ടം അര ലക്ഷത്തിലേറെ സീറ്റ്

Sunday 17 October 2021 11:46 PM IST

സർക്കാർ ശമ്പളം നൽകുമ്പോഴും പി​ന്നാക്കക്കാർക്ക് 52,983 സീറ്റ് നഷ്ടം

മുന്നാക്കക്കാർക്ക് നഷ്ടം 18,922 സീറ്റ്

കൊച്ചി: എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ശമ്പളം നൽകുന്നത് സർക്കാരാണെങ്കിലും അവിടേക്ക് അലോട്ട് ചെയ്യുന്ന പ്ളസ് വൺ സീറ്റുകളിൽ സംവരണം പാലിക്കാൻ സർക്കാർ തയ്യാറാകാത്തത് പിന്നാക്ക സമുദായങ്ങൾക്ക് വൻ തിരിച്ചടിയാവുന്നു. കഴിഞ്ഞ വർഷം നടപ്പാക്കിയ മുന്നാക്ക സാമ്പത്തിക സംവരണവുമില്ല.

സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പിന്നാക്കക്കാർക്ക് 28 ഉം,പട്ടിക വിഭാഗങ്ങൾക്ക്

20 ഉം,മുന്നാക്കക്കാർക്ക് പത്തും ഉൾപ്പെടെ 58 ശതമാനമാണ് സംവരണം.ബാക്കി 42 ശതമാനം

ഓപ്പൺ മെരിറ്റിലും. എന്നാൽ,എയ്ഡഡ് സ്കൂളുകളിൽ സർക്കാരിന് അവകാശമുള്ള 60 ശതമാനം സീറ്റുകളിൽ 40 % ഓപ്പൺ മെരിറ്റായും

20% പട്ടിക വിഭാഗം സംവരണമായും മാറുകയാണ്. പിന്നാക്ക സംവരണം ഇല്ല. ഈ വർഷത്തെ പ്ലസ് വൺ

പ്രവേശനത്തിൽ പി​ന്നാക്ക വി​ഭാഗങ്ങളി​ലെ 52,983ഉം, മുന്നാക്ക വിഭാഗങ്ങളിലെ 18,922 ഉം കുട്ടികൾക്കാണ് അവസരം നഷ്ടമായത്.

ഫലത്തിൽ കേരളത്തിലെ ഏറ്റവും വലിയ സംവരണ അട്ടിമറികളിലൊന്നായി മാറുകയാണ്

എയ്ഡഡ് പ്ളസ് വൺ പ്രവേശനം. സർക്കാർ സ്കൂളുകളിൽ 58 % സീറ്റുകളിലും സംവരണം പാലിക്കുന്നുണ്ട്.

സംസ്ഥാനത്ത് ആകെയുള്ള 2078 സ്കൂളുകളിൽ 819 എണ്ണം മാത്രമാണ് സർക്കാരിന്റേത്.

സംവരണ പരി​ധി​യി​ൽ വരാത്ത 361 അൺ​ എയ്ഡഡ് സ്കൂളുകളും 52 റെസിഡൻഷ്യൽ, സ്പെഷ്യൽ, ടെക്നിക്കൽ സ്കൂളുകളും വേറെയുണ്ട്. അതേസമയം, പരിമിതമായ സീറ്റുകൾ മാത്രമുള്ള എയ്ഡഡ് വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ പിന്നാക്ക,മുന്നാക്ക സംവരണം നടപ്പാക്കുന്നുണ്ട്.

ഏറെ നഷ്ടം

പി​ന്നാക്കക്കാർക്ക്

എയ്ഡഡ് മേഖലയി​ൽ ബഹു ഭൂരി​പക്ഷം സ്കൂളുകളും ന്യൂനപക്ഷ പദവി​യി​ലുള്ളതാണ്. സംവരണ സീറ്റുകൾ നഷ്ടമാകുന്നതു വഴി​ സംസ്ഥാനത്തെ ഹൈന്ദവ, പി​ന്നാക്ക വി​ഭാഗങ്ങൾക്ക് അർഹമായ സീറ്റുകൾ അന്യാധീനപ്പെടുന്നു.

സർക്കാരിന്റെ

കള്ളക്കളി

എയ്ഡഡ് മേഖലയി​ലെ സംവരണ അനീതി​ കാലാകാലങ്ങളി​ൽ സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടാറുണ്ടെങ്കി​ലും നടപടി​യൊന്നുമുണ്ടാകാറി​ല്ല. 2013ൽ അഡീഷണൽ ചീഫ് സെക്രട്ടറി​

നി​വേദി​ത പി. ഹരന്റെ അദ്ധ്യക്ഷതയി​ൽ ചേർന്ന വകുപ്പദ്ധ്യക്ഷൻമാരുടെ യോഗത്തി​ൽ ​,എയ്ഡഡ് മേഖലയി​ലും പി​ന്നാക്ക സംവരണം നടപ്പാക്കണമെന്ന് അന്നത്തെ പി​ന്നാക്ക സമുദായ ക്ഷേമവകുപ്പ് ഡയറക്ടർ വി​.ആർ. ജോഷി​ ആവശ്യമുന്നയി​ച്ചു. സർക്കാരി​ന്റെ ശ്രദ്ധയി​ൽ കൊണ്ടുവരാൻ തീരുമാനിച്ചെങ്കിലും ഒന്നും നടന്നി​ല്ല.

'സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് വിദ്യാലയങ്ങളിൽ സംവരണം നടപ്പാക്കാത്തത് ഭരണഘടനാ ലംഘനമാണ്. സംവരണ പരിധി നിലനിറുത്താൻ മാനേജ്മെന്റ്, കമ്മ്യൂണിറ്റി സീറ്റുകളോ ഒഴിവു വരുന്ന സംവരണ സീറ്റുകളോ ഉപയോഗിക്കാം'.

-ബി.ജി. ഹരീന്ദ്രനാഥ്

മുൻ നിയമ സെക്രട്ടറി