അമ്മയ്ക്കൊപ്പം പൊൻമുടി കാണാനെത്തിയ യുവാവ് കല്ലാർ ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

Sunday 17 October 2021 11:48 PM IST

വിതുര: കല്ലാർ ഗോൾഡൻവാലിക്ക് സമീപത്ത് ആനകൾക്ക് കുളിക്കാനായി വനം വകുപ്പ് പണിത നെല്ലിക്കുന്ന് ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു. തിരുവനന്തപുരം ചിറയ്ക്കൽ കൈമനം അമ്പാടി ഹൗസിൽ ഹരിയുടെ മകൻ അഭിലാഷാണ് (24) മരിച്ചത്. അഭിലാഷിനൊപ്പം ഒഴുക്കിൽപെട്ട സുഹൃത്ത് സുജിത്തിനെ കല്ലാർ നിവാസിയായ യുവാവ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. അഭിലാഷും​ അമ്മ കലയും കലയുടെ സഹോദരി സൗമ്യയും സുഹൃത്ത് സുജിത്തും ചേർന്ന് രണ്ട് ബൈക്കുകളിലായി ഇന്നലെ വൈകിട്ട് നാലുമണിയോടെ പൊൻമുടി സന്ദർശിക്കാനെത്തിയതായിരുന്നു. പൊൻമുടിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ കല്ലാർ ഗോർഡൻവാലി ചെക്ക്പോസ്റ്റിൽ വച്ച് ഇവരെ വനപാലകർ മടക്കി അയച്ചു. തുടർന്ന് നാലുപേരും തിരികെ വരുന്ന വഴി ചെക്ക് ഡാമിലെത്തുകയും അഭിലാഷും സുജിത്തും കുളിക്കാനിറങ്ങുകയും ഒഴുക്കിൽപെടുകയുമായിരുന്നു. കനത്ത മഴയെ തുടർന്ന് ഇവിടെ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇവർ ഒഴുക്കിൽപെട്ടതു കണ്ട് കലയും സൗമ്യയും നിലവിളിച്ചു. ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന കല്ലാർ സ്വദേശി രതീഷ് ഇവരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കരയ്ക്കെത്തിച്ചപ്പോഴും ജീവനുണ്ടായിരുന്ന അഭിലാഷിനെ ഉടൻ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ മരിച്ചതറിഞ്ഞ് നിലവിളിക്കുന്നതിനിടയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ നടപടിയുണ്ടാകണെമെന്ന് അമ്മ പൊലീസിനോട് ആവശ്യപ്പെട്ടു. അവിവാഹിതനാണ് അഭിലാഷ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
Advertisement