പെയ്തത് രണ്ടിരട്ടി മഴ

Monday 18 October 2021 12:01 AM IST

മലപ്പുറം: ഒരാഴ്ച്ചയ്ക്കിടെ ജില്ലയിൽ പെയ്തത് പ്രതീക്ഷിച്ചതിന്റെ രണ്ടര ഇരട്ടിയോളം മഴ. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ഒക്ടോബർ ഏഴുമുതൽ 13 വരെ 263 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ഇക്കാലയളവിൽ 75.7 മില്ലീമീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. ലഭിച്ച മഴയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു മലപ്പുറം. ഒക്ടോബർ 13ന് ശേഷം തെക്കൻ ജില്ലകളിലാണ് കനത്ത മഴ ലഭിച്ചത്. ഇന്നലെ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. 20ന് മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.

ജില്ലയിൽ ഇന്നലെയും സാമാന്യം നല്ല മഴ ലഭിച്ചു. കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ മഴ മാപിനികളിൽ അങ്ങാടിപ്പുറത്ത് രേഖപ്പെടുത്തിയ 105.2 മില്ലീമീറ്റർ മഴയാണ് ഏറ്റവും ഉയർന്നത്. പൊന്നാനി - 11, നിലമ്പൂർ - 53.8 , മഞ്ചേരി - 22, പെരിന്തൽമണ്ണ - 92, കരിപ്പൂർ - 33.5 മില്ലീമീറ്റർ എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ മഴ. ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതോടെ പ്രളയഭീഷണി അകന്നിട്ടുണ്ട്.

പ്രതീക്ഷിക്കാത്ത പെരുമഴ ഇത്തവണ മൺസൂൺ മഴക്കുറവോടെയാണ് അവസാനിച്ചത്. 20 ശതമാനത്തിന് മുകളിലായിരുന്നു ജില്ലയിലെ മഴക്കുറവ്. എന്നാൽ ഇതിനെ കവച്ചുവയ്ക്കും വിധത്തിലാണ് ഒക്ടോബറിലെ മഴ. ഒക്ടോബർ ഒന്നുമുതൽ ഇതുവരെ 132.4 മില്ലീമീറ്റർ മഴയാണ് സാധാരണഗതിയിൽ ലഭിക്കാറെങ്കിൽ ഇത് 354.9 മില്ലീമീറ്ററിലേക്ക് ഉയർന്നു. ന്യൂനമർദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പ്രഭാവമാണ് അപ്രതീക്ഷിത മഴയിലേക്ക് നയിച്ചത്.

തെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായിട്ടുണ്ട്. വരുംദിവസങ്ങളിൽ മഴ ദുർബലമായേക്കും. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച മുതൽ നാല് ദിവസത്തോളം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ