വെള്ളക്കെട്ടിൽ ബസ് അകപ്പെട്ട സംഭവം, രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ

Monday 18 October 2021 12:23 AM IST

പാലാ: പൊടുന്നനെയുണ്ടായ വെള്ളക്കെട്ടിൽപ്പെട്ടുപോയ ബസ് പൂഞ്ഞാർ പള്ളി മൈതാനത്തേയ്ക്ക് ഓടിച്ചുകയറ്റി യാത്രക്കാരെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചതെന്ന് സസ്പെൻഷനിലായ കെ.എസ്.ആർ.ടി.സി ഡ്രൈവർ. എന്നാൽ യാത്രക്കാരെ അപകടത്തിൽപെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് സസ്‌പെൻഷനാണ് കിട്ടിയതെന്ന് പൂഞ്ഞാർ പള്ളിക്ക് സമീപം വെള്ളക്കെട്ടിൽ അകപ്പെട്ട ബസ് ഓടിച്ചിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ പാലാ കടനാട് സ്വദേശി ജയദീപ് സെബാസ്റ്റ്യൻ പറയുന്നു. 'ബസോടിച്ച് വരുമ്പോൾ പൂഞ്ഞാർ പള്ളിക്ക് മുന്നിൽ റോഡിൽ ഒരടിയോളമേ വെള്ളമുണ്ടായിരുന്നുള്ളൂ. വെള്ളം ഉയരുന്നത് കണ്ടപ്പോൾ ഒന്നു ശങ്കിച്ചു. അപ്പോൾ ധൈര്യമായി പോവാമെന്ന് കണ്ടക്ടറും ചില യാത്രക്കാരും പറഞ്ഞു. ഇതുകേട്ട് വണ്ടി മുന്നോട്ടെടുത്തതും കനത്ത വെള്ളപ്പാച്ചിലും ഒരേ സമയത്തായിരുന്നു. ഞൊടിയിടയിൽ ബസിന്റെ പകുതിയോളം വെള്ളംമൂടി. വണ്ടി പുറകോട്ടെടുക്കാനും കഴിയാത്ത അവസ്ഥയായി. എത്രയും വേഗം പൂഞ്ഞാർ പള്ളിമൈതാനത്തേയ്ക്ക് ബസ് ഓടിച്ചുകയറ്റാൻ ശ്രമിച്ചു. അതിനകം എൻജിൻ ഓഫായി. ആകെയുണ്ടായിരുന്ന 14 യാത്രക്കാരിൽ പലരും പള്ളി കോമ്പൗണ്ടിലേക്ക് ചാടിയിറങ്ങി. മറ്റുയാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. അവിടെ ഒരാൾ പൊക്കത്തിൽ വെള്ളം ഉണ്ടായിരുന്നു." - ജയദീപ് പറഞ്ഞു.

 സസ്‌പെൻഷന് പിന്നാലെ തബല

വായിക്കുന്ന വീഡിയോയുമായി ജയദീപ്

സസ്‌പെൻഷന് പിന്നാലെ തബല വായിക്കുന്ന വീഡിയോയും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിനെ അതിരൂക്ഷമായി വിമർശിച്ചും ജയദീപ് ഫേസ് ബുക്കിൽ പോസ്റ്റിട്ടു. സംഭവം നടന്ന അന്ന് രാത്രി തന്നെ ജയദീപിനെ സസ്‌പെന്റ് ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് മാനേജ്മെന്റിനെ വിമർശിച്ചും പരിഹസിച്ചും ജയനാശാൻ എന്ന് സ്വയം വിശേഷിപ്പിച്ചും നടൻ ജയന്റെ ആരാധകൻ കൂടിയായ ജയദീപ് പോസ്റ്റുകളിട്ടത്. 'യാത്രക്കാരെ രക്ഷിക്കാൻ നോക്കിയതിന് ജയനാശാന് കെ.എസ്.ആ‌ർ.ടി.സി നൽകിയ സമ്മാനം, തൊഴിലാളികളായ എല്ലാവർക്കും രാഷ്ട്രീയ ഭേദമന്യേ പാഠമാകട്ടെ " എന്നാണ് ഒരു പോസ്റ്റ്. വാഹനം വെള്ളത്തിലേക്കിറക്കുന്ന ചിത്രവും ഫേസ്ബുക്കിലിട്ട പോസ്റ്റും വൈറലായിരുന്നു. ഐ.എൻ.ടി.യുസി ഡ്രൈവേഴ്‌സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ജയദീപ്.

Advertisement
Advertisement