കോൺ.സംഘടനാ തിരഞ്ഞെടുപ്പ് : കെ.പി.സി.സി പുന:സംഘടനയെ ചോദ്യം ചെയ്ത് എ,ഐ ഗ്രൂപ്പുകൾ

Monday 18 October 2021 12:28 AM IST

 ഇന്ന് പട്ടിക പുറത്തിറങ്ങുമെന്ന് നേതൃത്വം

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ, കെ.പി.സി.സി പുന:സംഘടനയയുടെ പ്രസക്തിയെച്ചൊല്ലിയും ആശയക്കുഴപ്പം. അവസരം മുതലെടുത്ത് ,സംസ്ഥാന നേതൃത്വത്തിനെതിരെ കരുനീക്കം ശക്തമാക്കാൻ എ, ഐ ഗ്രൂപ്പുകൾ നീക്കമാരംഭിച്ചു.

എന്നാൽ, സംഘടനാ തിരഞ്ഞെടുപ്പിന് ഇനിയും പത്ത് മാസത്തിലേറെ സമയമുണ്ടെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. ഹൈക്കമാൻഡിനും ഇതിനോട് വിയോജിപ്പില്ലാത്ത സ്ഥിതിക്ക് ഇന്ന് കെ.പി.സി.സി ഭാരവാഹികളെ ഡൽഹിയിൽ നിന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും..

നവംബർ ഒന്നിന് സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിക്കാനുള്ള ഷെഡ്യൂളുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ, കെ.പി.സി.സി പുന:സംഘടന ധാർമ്മികമായി ശരിയല്ലെന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ നിലപാട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പുന:സംഘടന നടത്തി ഭാരവാഹികളെ പ്രഖ്യാപിക്കുന്ന രീതി ഒരു പ്രസ്ഥാനത്തിലുമില്ലെന്നാണ് വാദം. 28 സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. അതോടെ, നിലവിലെ പി.സി.സി പ്രസിഡന്റ് പോലും കാവൽ പ്രസിഡന്റ് മാത്രമാവുകയാണ്. അങ്ങനെയിരിക്കെ ,മറ്റ് ഭാരവാഹികളെക്കൂടി നിശ്ചയിക്കുന്നതെങ്ങനെയെന്നാണ് ചോദ്യം.

എന്നാൽ, സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയെടുക്കാനും കേരളത്തിലൊരു സംഘടനാ സംവിധാനം ആവശ്യമില്ലേയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ മറു ചോദ്യം. കെ. സുധാകരനും വി.ഡി. സതീശനും നേതൃത്വം നൽകുന്ന പുതിയ ചേരിക്കെതിരായ നീക്കം ശക്തമാക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം. ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചുചേർക്കാനും നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്കും അവർ സംയുക്ത സ്ഥാനാർത്ഥിയെ അവതരിപ്പിച്ചേക്കും.

2017ൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ കേരളത്തെ ഒഴിവാക്കിയിരുന്നു. അന്ന് എ, ഐ ഗ്രൂപ്പുകൾ ശക്തമായ സമ്മർദ്ദം ചെലുത്തിയാണ് ഹൈക്കമാൻഡിൽ നിന്ന് അത് സാധിച്ചെടുത്തത്. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അന്ന് സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല . സ്വന്തം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താനാവാതെ പോയതിന് അദ്ദേഹത്തെ ദേശീയ മാദ്ധ്യമങ്ങൾ വിമർശിച്ചു. സംഘടനാ തിരഞ്ഞെടുപ്പിന് എതിരല്ലെന്ന പരസ്യ നിലപാട് നേരത്തേ വ്യക്തമാക്കിയവരാണ് കെ. സുധാകരനും വി.ഡി. സതീശനും. അതിനാൽ ,

പുതിയ സംഘടനാ തിരഞ്ഞെടുപ്പ് കേരളത്തിൽ നടത്തേണ്ടെന്ന് അവർക്ക് വാദിക്കാനാവില്ലെന്നും ഗ്രൂപ്പ് നേതൃത്വങ്ങൾ പറയുന്നു.

Advertisement
Advertisement