തോട്ടിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

Monday 18 October 2021 12:38 AM IST

വടകര: കുന്നുമ്മക്കരയിൽ നിറ‌‌ഞ്ഞൊഴുകുന്ന തോട്ടിൽ വീണു ഒന്നര വയസുകാരൻ മുങ്ങി മരിച്ചു. ഏറാമല പയ്യത്തൂരിൽ കണ്ടോത്ത് താഴക്കുനിയിൽ നൂർജഹാൻ - മുഹമ്മദ് ഷംജാസ് ദമ്പതികളുടെ മകൻ മുഹമ്മദ് റയ‌്ഹാനാണ് മരിച്ചത്. സഹോദരൻ വീടിനടുത്തുള്ള കടയിൽ ബ്രഡ് വാങ്ങാൻ ഇറങ്ങിയപ്പോൾ പിന്നാലെ ആരും അറിയാതെ കുട്ടിയും പോയതായിരുന്നു. വീടിനു സമീപത്തെ ഓലപ്പുഴ കൈത്തോട്ടിൽ അബദ്ധത്തിൽ വീഴുകയാണുണ്ടായത്.

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കൈത്തോട് നിറഞ്ഞു കവിഞ്ഞിരുന്നു. തോടിനടുത്തുള്ള കച്ചവടക്കാരനാണ് കുട്ടി വെള്ളത്തിൽ വീണത് കണ്ടത്. ഉടനെ കരയ്ക്കെത്തിച്ച് വടകര ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. കുട്ടിയുടെ പിതാവ് ഷാർജയിലാണ്. ഉമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. സഹോരങ്ങൾ: മുഹമ്മദ്‌ സഫ്വാൻ, മുഹമ്മദ് ഫൈസാൻ.