മരണത്തിലും കെട്ടിപ്പുണർന്ന് അഖിയാനും അഫ്സാനും

Monday 18 October 2021 12:44 AM IST

മുണ്ടക്കയം: കൊക്കയാർ മാക്കൊച്ചിയിലെ ചെളിയിൽ പുതുഞ്ഞുകിടന്ന ചേതനയറ്റ രണ്ട് കുരുന്നുകളെ വാരിയെടുക്കുമ്പോൾ അവർ കെട്ടിപ്പുണർന്നുകിടക്കുകയായിരുന്നു! . കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഖിയാനും അഫ്സാനുമായിരുന്നു അവർ. മരണയാത്രയിലും അഫ്സാൻ അനിയനെ ജീവിതത്തിലേത് പോലെ ചേർത്ത് പിടിച്ചു. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് നാട് അഫ്സാന്റെയും അഖിയാന്റെയും മൃതദേഹങ്ങളേറ്റുവാങ്ങിയത്. കുട്ടിക്കാലം മുതലേ ഒരുമിച്ചായിരുന്നു ഇരുവരുടെയും നടപ്പും കളിയും. എവിടെപ്പോയാലും രണ്ടുപേരും ഒരുമിച്ചുണ്ടാവും. കളിപ്പാട്ടം വാങ്ങിയാൽ അനിയന് ആദ്യം നൽകും. പലഹാരം കിട്ടിയാലും അനിയന്റെ വായിൽ നൽകും. ഒടുവിൽ പെയ്തിറങ്ങിയ മഴയ്ക്കൊപ്പം അവരും ഒലിച്ചു പോയി.

ഏറ്റവും അധികം കുരുന്നു ജീവനുകൾ അപഹരിക്കപ്പെട്ടത് കൊക്കയാറിൽ നിന്നാണ്. ഇവിടെ കുത്തിയൊലിച്ചെത്തിയ പാറയും മണ്ണും വെള്ളവും ഏഴ് വീടുകളാണ് തകർത്തത്. ദുരന്തത്തിൽപ്പെട്ടവരിൽ അഞ്ചുപേരും കുട്ടികൾ. അതും പത്ത് വയസിൽ താഴെയുള്ളവർ. മഴ കനത്തതോടെ വീടിനുള്ളിൽ കുരുന്നുകളെ സുരക്ഷിതരാക്കിയതാണ് മാതാപിതാക്കൾ. പക്ഷേ, അവരറിയുന്നുണ്ടായിരുന്നില്ല, നിമിഷങ്ങൾക്കം മലവെള്ളം പാഞ്ഞെത്തുമെന്ന്. ഇവിടെ നിന്ന് ലഭിച്ച മറ്റൊരു കുരുന്നിന്റെ മൃതദേഹം തൊട്ടിലിലായിരുന്നു. അമ്മ ഉറക്കാൻ കിടത്തിയ നേരത്താണ് ദുരന്തം പാഞ്ഞെത്തിയത്.