കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകി: വി.ഡി.സതീശൻ
Monday 18 October 2021 12:45 AM IST
ഇടുക്കി: ഉരുൾപൊട്ടൽ ദുരിതം വിതച്ച ഇടുക്കി കൊക്കയാറിൽ രക്ഷാപ്രവർത്തനം വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ശനിയാഴ്ച രാവിലെ 10ന് സംഭവം നടന്നെങ്കിലും അധികൃതർ രക്ഷാപ്രവർത്തനത്തിന് എത്തിയത് വൈകുന്നേരം ആറിനാണ്. മുൻ പഞ്ചായത്തംഗം മാത്രമാണ് സംഭവസ്ഥലത്ത് ഒരു ജെ.സി.ബിയുമായി എത്തിയത്. പൊലീസും താലൂക്കിലെ അധികാരികളും ഇന്നലെ കൂട്ടിക്കലിൽ എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായ വിശദീകരണം അധികാരികൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നു വർഷമായി കേരളത്തിൽ പ്രളയവും മണ്ണിടിച്ചിലും ആവർത്തിക്കുകയാണ്. ഇത്തരം സംഭവങ്ങളെ ഗൗരവമായി സമീപിക്കണം. 2018ന് ശേഷവും സർക്കാർ ജാഗ്രത കൈക്കൊണ്ടില്ല. പശ്ചിമഘട്ട സംരക്ഷണ വിഷയത്തിൽ പി.ടി.തോമസിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.