പുതിയ വില്ലൻ, ലഘു മേഘ വിസ്ഫോടനം!

Monday 18 October 2021 12:49 AM IST

തിരുവനന്തപുരം: തകർത്തുപെയ്യുന്ന മഴയല്ല, അപ്രതീക്ഷിതമായുണ്ടാകുന്ന ലഘുമേഘവിസ്ഫോടനങ്ങളാണ് സംസ്ഥാനത്തെ ദുരന്തങ്ങൾക്ക് പിന്നിലെ പുതിയ വില്ലനെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. മേഘവിസ്ഫോടനങ്ങൾ അപൂർവ കാലാവസ്ഥാ പ്രതിഭാസമാണ്. ഹിമായല മേഖലകളെപ്പോലെ അതി വേഗതയിൽ താപവ്യതിയാനമുണ്ടാകുന്ന മേഖലയല്ല കേരളം. എങ്കിലും ഇതിന് സമാനമായ രീതിയിലുള്ള ലഘുമേഘ വിസ്ഫോടനങ്ങൾ സമീപകാലത്ത് സംസ്ഥാനത്തുണ്ടാകുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു.

മണിക്കൂറിൽ പത്തുസെന്റിമീറ്റർ മഴ പെയ്യാനിടയാക്കുന്നതാണ് മേഘവിസ്ഫോടനം. രണ്ടുമണിക്കൂറിൽ അഞ്ച് സെന്റിമീറ്റർ മഴ പെയ്യുന്നതാണ് ലഘു വിസ്ഫോടനം. കഴിഞ്ഞവർഷം കവളപ്പാറയിലും കഴിഞ്ഞദിവസം കൂട്ടിക്കലും ദുരന്തമുണ്ടാക്കിയത് ഇതാണ്. സാധാരണ മൺസൂൺ മഴമേഘങ്ങൾക്ക് അഞ്ച് മുതൽ ഏഴ് കിലോമീറ്റർ വരെ വ്യാപ്തിയുണ്ടാകും. എന്നാൽ പത്തുമുതൽ 14 കിലോമീറ്റർ വരെ വ്യാപ്തിയുള്ള മഴമേഘങ്ങൾ ഉണ്ടാവുകയും അവ ഒത്തുചേരുകയും ചെയ്യുന്ന അപൂർവ സാഹചര്യമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്തുണ്ടാകുന്നത്. ഇതാണ് വിസ്ഫോടനത്തിനിടയാക്കുന്നത്. ഇത് മുൻകൂട്ടി പ്രവചിക്കുക സാദ്ധ്യമല്ല. എന്നാൽ മേഘങ്ങൾ കൂട്ടംകൂടുന്നത് റഡാറിലൂടെയും ഉപഗ്രഹ നിരീക്ഷണത്തിലൂടെയും മനസിലാക്കാനും നാല് മണിക്കൂർ മുമ്പെങ്കിലും മുന്നറിയിപ്പ് നൽകാനും സംവിധാനമുണ്ടാക്കാനാകും.

ഇതിനൊപ്പം അറബിക്കടലിൽ ചക്രവാതച്ചുഴിയും ന്യൂനമർദ്ദങ്ങളും വർദ്ധിച്ചുവരുന്ന കാലാവസ്ഥാമാറ്റവുമുണ്ട്. ചക്രവാതച്ചുഴികൾ ദിവസങ്ങളോളം ശക്തമായ മഴയുണ്ടാക്കാൻ പര്യാപ്തമാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദങ്ങൾ കുറയുകയും അറബിക്കടലിൽ കൂടുകയും ചെയ്യുന്നത് സംസ്ഥാനത്ത് സ്ഥിരമായ പ്രളയസാഹചര്യ

മുണ്ടാക്കുന്നുവെന്നത് ഗൗരവത്തോടെ കാണണമെന്ന് വിദഗ്ദ്ധർ പറയുന്നു.

''

ദിവസവും മഴയുടെ അലർട്ടുകൾ നൽകുന്ന പരമ്പരാഗത സംവിധാനം മാറ്റി ദുരന്തസാദ്ധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പ് മൂന്നോ,നാലോ മണിക്കൂർ മുമ്പെങ്കിലും നൽകാനുള്ള സംവിധാനം സംസ്ഥാനത്തൊരുക്കണം.

-ഡോ.എസ്.അഭിലാഷ്‌,

കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫറിക് റഡാർ റിസർച്ച് ഡയറക്ടർ

Advertisement
Advertisement