ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകും : കെ.രാജൻ

Monday 18 October 2021 12:51 AM IST

തിരുവനന്തപുരം : ഉരുൾപ്പൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ചശേഷം കൂട്ടിക്കലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരച്ചിലിനും രക്ഷാ പ്രവർത്തനങ്ങൾക്കും സാദ്ധ്യമായ എല്ലാ ഇടപെടലുകളും നടത്താൻ സർക്കാരിന് സാധിച്ചു. പൊലീസ്, ഫയർ ഫോഴ്സ്, എയർലിഫ്റ്രിംഗ് ടീം, പ്രതിരോധവകുപ്പിന്റെ വിവിധ വിഭാഗങ്ങൾ, പ്രദേശവാസികൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കക്കി, ഇടുക്കി ഡാമുകൾ തുറക്കേണ്ട സാഹചര്യം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അതിരാവിലെ മുതൽ ആരംഭിച്ച തെരച്ചിലിലും രക്ഷാപ്രവർത്തനങ്ങൾക്കും മന്ത്രിമാരായ വി.എൻ വാസവൻ,റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ വാഴൂർ സോമൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, ജില്ലാ കളക്ടർ പി.കെ.ജയശ്രീ, എ.ഡി. എം ജിനു പുന്നൂസ്, തഹസിൽദാർ ബിനു എന്നിവർ നേതൃത്വം നൽകി. ദുരിത ബാധിതരെ മാറ്റിപാർപ്പിച്ചിട്ടുള്ള ക്യാമ്പുകളും ജനപ്രതിനിധികൾ സന്ദർശിച്ചു.