സംസ്ഥാനത്താകെ 67.14 കോടിയുടെ കൃഷിനാശം

Monday 18 October 2021 12:52 AM IST

4352.64 ഹെക്ടറിലെ കൃഷി നശിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്നു ദിവസമായി പെയ്ത അതിതീവ്ര മഴയിൽ 4352.64 ഹെക്ടറിലെ കൃഷി നശിച്ചു. 67.14 കോടിയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്.

കോട്ടയത്തും തൃശൂരിലുമാണ് കൂടുതൽ കൃഷി നശിച്ചത്. കോട്ടയത്ത് 1118.75 ഹെക്ടർ കൃഷി നശിച്ചു. 3,969 കർഷകർക്കായി 18.02 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. തൃശൂരിൽ 824.27 ഹെക്ടർ കൃഷി നശിച്ചു. 3,622 കർഷകരാണ് ദുരിതത്തിലായത്. ഇവിടെ മാത്രം11.04 കോടിയുടെ നഷ്ടമുണ്ടായി.

തിരുവനന്തപുരം ജില്ലയിൽ 329.42 ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചു. 3428 കർഷകർ ദുരിതബാധിതരാണ്. 9.91 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊല്ലത്ത് 191.04 ഹെക്ടറിലെ കൃഷി നശിച്ചു. 3,070 കർഷകർക്ക് 4.78 കോടി രൂപയുടെ നഷ്ടമുണ്ടായി. പത്തനംതിട്ടയിൽ 1,374 കർഷകരുടെ 166.51 ഹെക്ടറിലെ കൃഷി നശിച്ചതിലൂടെ 3.71 കോടിയുടെ നഷ്ടം സംഭവിച്ചു.

ആലപ്പുഴയിൽ 3,664 കർഷകരുടെ 657.94 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.5.65 കോടിയാണ് നഷ്ടം. എറണാകുളത്ത് 192.03 ഹെക്ടർ കൃഷി നശിച്ചു.1,183 കർഷകർക്ക് 2.69 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കിയിൽ 54.26 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 1,050 കർഷകരാണ് ദുരിതത്തിലായത്. 3.29 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.

മലപ്പുറം ജില്ലയിൽ 426.51 ഹെക്ടറിലെ കൃഷി നശിച്ചു. 1,45കോടിയുടെ നഷ്ടമുണ്ടായി.896 പേരാണ് ദുരിതബാധിതർ. പാലക്കാട് ജില്ലയിൽ 334.24 ഹെക്ടറിൽ കൃഷിനാശമുണ്ടായി. 685 കർഷകർക്ക് 5.02കോടിയുടെ നഷ്ടം. കോഴിക്കോട് 15.71 ഹെക്ടറിലെ കൃഷി നശിച്ചു.697 കർഷകർക്കാണ് നഷ്ടം . 88.89 ലക്ഷം രൂപയുടെ കൃഷി നശിച്ചു. കണ്ണൂരിൽ 24.36 ഹെക്ടർ കൃഷി നശിച്ചു . 298 കർഷകർക്കായി 39.19 ലക്ഷം രൂപയുടെ നാശമുണ്ടായി.കാസർകോടാണ് ഏറ്റവും കുറവ് കൃഷി നാശം ജില്ലയിൽ17.6 ഹെക്ടറിലെ കൃഷി നശിച്ചു. 225 കർഷകർക്കായി 22.10 ലക്ഷം രൂപയുടെ നഷ്ടം.