കെ.എസ്.ഇ.ബിക്ക് കനത്ത നാശനഷ്ടം

Monday 18 October 2021 12:55 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് കനത്ത നാശനഷ്ടം. ഹൈ വോൾട്ടേജുള്ള ലൈനുകൾ ഉൾപ്പെടെ തകരാറിലായി. നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ്, ലൈനുകൾ തകർന്നു.

കോട്ടയത്താണ് ഏറ്റവുമധികം നാശനഷ്ടം. പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലും വലിയതോതിൽ നാശനഷ്ടമുണ്ടായി. നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്‌ഫോർമറുകളും ഓഫ് ചെയ്തു. പ്രതിസന്ധികളെ അതിജീവിച്ച് സുരക്ഷയൊരുക്കാനും വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനും ജീവനക്കാർ പരിശ്രമിക്കുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. ആശുപത്രികളിലേക്കും കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്‌സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുന:സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

വൈദ്യുതി തടസമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ.എസ്.ഇ.ബി മുൻഗണന നൽകുന്നത്. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളുടെ തകരാർ പരിഹരിക്കും. അതിന് ശേഷമാകും വ്യക്തിഗത പരാതികൾ തീർക്കുക.

ഉടൻ വിളിക്കാം

വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ അതത് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലോ,പ്രത്യേക എമർജൻസി നമ്പറായ 9496010101 ലോ അറിയിക്കാം. വൈദ്യുതി തടസം സംബന്ധിച്ച പരാതികൾ കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ചറിയിക്കാം..

Advertisement
Advertisement