സവാള, തക്കാളി, കിഴങ്ങ് വില കുറയ്ക്കാൻ നടപടിയുമായി കേന്ദ്രം

Monday 18 October 2021 12:00 AM IST

 നിലവിൽ വില കഴിഞ്ഞവർഷത്തേക്കാൾ താഴെയെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഉപഭോക്താക്കളെ വലച്ച് കുതിച്ചുയർന്ന സവാള, തക്കാളി, ഉരുളക്കിഴങ്ങ് വിലകൾ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം. കരുതൽ ശേഖരത്തിൽ നിന്നുള്ള 67,357 ടൺ വിവിധ നഗരങ്ങളിലായി വിപണിയിലിറക്കിയെന്ന് കേന്ദ്രം വ്യക്തമാക്കി. കൊച്ചി, കൊൽക്കത്ത, ഡൽഹി, ലക്‌നൗ, പട്‌ന, റാഞ്ചി, ഗുവഹാത്തി, ഭുവനേശ്വർ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബയ്, ചണ്ഡീഗഢ്, റായ്‌പൂർ എന്നിവിടങ്ങളിലാണ് സ്‌റ്റോക്കെത്തിച്ചത്.

കനത്ത മഴയും ഉരുൾപൊട്ടലുകളും മൂലം വിളവുനശിച്ചതിനാൽ കഴിഞ്ഞദിവസങ്ങളിൽ സവാള, തക്കാളി, കിഴങ്ങ് വിലകൾ കുതിച്ചുയർന്നിരുന്നു. തക്കാളി റീട്ടെയിൽ വില മിക്കയിടത്തും 75 - 80 രൂപയും കടന്നിരുന്നു. നിലവിൽ വില അഖിലേന്ത്യാതലത്തിൽ കിലോയ്ക്ക് 41.73 രൂപയായി കുറഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വില കുറവാണെന്നും കേന്ദ്രം വ്യക്തമാക്കി. കിലോയ്ക്ക് 21.22 രൂപയാണ് കിഴങ്ങിന് ശരാശരി വില. സവാളയ്ക്ക് 37.06 രൂപ.