എണ്ണ വാങ്ങാൻ ഇന്ത്യയുടെ ധനസഹായം തേടി ശ്രീലങ്ക

Monday 18 October 2021 12:00 AM IST

കൊളംബോ: രാജ്യത്ത് സമ്പദ്‌ഞെരുക്കം രൂക്ഷമാകുകയും വിദേശ നാണയശേഖരം കുത്തനെ ഇടിയുകയും ചെയ്‌തതോടെ ക്രൂഡോയിൽ വാങ്ങാൻ ഇന്ത്യയുടെ ധനസഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക. 50 കോടി ഡോളർ (3,700 കോടി രൂപ) വായ്‌പ തേടി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനെ സമീപിച്ചിരിക്കുകയാണ് സിലോൺ പെട്രോളിയം കോർപ്പറേഷൻ (സി.പി.സി).

ഇക്കാര്യം സി.പി.സി ചെയർമാൻ സുമിത് വിജെസിംഗെ സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി വരെ ഉപയോഗിക്കാനുള്ള പെട്രോളിയം ശേഖരമാണ് നിലവിൽ ശ്രീലങ്കയ്ക്കുള്ളത്. തുടർന്നുള്ള ഉപയോഗം ലക്ഷ്യമിട്ടുള്ള പർച്ചേസിനായാണ് ഇന്ത്യയുടെ വായ്‌പാസഹായം തേടുന്നത്. ബാങ്ക് ഒഫ് സിലോൺ, പീപ്പിൾസ് ബാങ്ക് എന്നിവയ്ക്ക് നിലവിൽ സി.പി.സി 330 കോടി ഡോളർ (24,300 കോടി രൂപ) വായ്‌പ വീട്ടാനുണ്ട്. ഈ സാഹചര്യത്തിൽ ഇവയിൽ നിന്ന് ഇനി വായ്‌പ കിട്ടില്ല.

ഇന്ത്യയുടെ വായ്‌പ ഉറപ്പായിട്ടുണ്ടെന്നും വൈകാതെ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവയ്ക്കുമെന്നും ശ്രീലങ്കയുടെ ധനകാര്യ സെക്രട്ടറി എസ്.ആർ. അട്ടിഗല്ലെ പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക സാമ്പത്തിക സഹകരണ വ്യവസ്ഥപ്രകാരമാണ് വായ്‌പ തേടുന്നത്. പെട്രോളും ഡീസലും വാങ്ങാൻ പണം ഉപയോഗിക്കുമെന്ന് സുമിത് വിജെസിംഗെ പറഞ്ഞു. പ്രധാനമായും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡാണ് ശ്രീലങ്ക വാങ്ങുന്നത്. പെട്രോളിയം ഉത്‌പന്നങ്ങൾക്ക് സിംഗപ്പൂർ അടക്കമുള്ളവയെയും ആശ്രയിക്കുന്നു.

കൊഴിയുന്ന ലങ്കൻ കീശ!

വിദേശ നാണയശേഖരം പരിതാപകരമായി ഇടിയുകയാണെന്നും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ശ്രീലങ്കൻ ഊർജ മന്ത്രി ഉദയ ഗാമൻപില വ്യക്തമാക്കിയിരുന്നു. അവശ്യവസ്‌തുക്കൾ ഒഴികെയുള്ള ഉത്‌പന്നങ്ങളുടെ ഇറക്കുമതി ശ്രീലങ്ക നിരോധിച്ചിട്ടുണ്ട്. ശ്രീലങ്കൻ റുപ്പിയുടെ മൂല്യം ഡോളറിനെതിരെ ഒമ്പത് ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇതോടെ, ഇറക്കുമതിച്ചെലവ് കുത്തനെ കൂടിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

 280 കോടി ഡോളറാണ് (21,000 കോടി രൂപ) ഈവർഷം ആദ്യ ഏഴുമാസക്കാലത്ത് ശ്രീലങ്കയുടെ ക്രൂഡോയിൽ ഇറക്കുമതിച്ചെലവ്.

 രാജ്യത്തിന്റെ കൈവശമുള്ള വിദേശ നാണയ ശേഖരം ജൂലായിലെ കണക്കുപ്രകാരം 200 കോടി ഡോളറിൽ താഴെ (14,200 കോടി രൂപ).

 2020ൽ ജി.ഡി.പി വളർച്ച നെഗറ്റീവ് 3.6 ശതമാനമായി ഇടിഞ്ഞിരുന്നു.