ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി

Monday 18 October 2021 8:27 AM IST

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയിരുന്നു. ഇത് കണത്തിലെടുത്താണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡങ്ങളനുസരിച്ച് 2397.85 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

നിലവിൽ സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് അണക്കെട്ടിൽ ഉള്ളത്. അപ്പർ റൂൾ ലെവലായ 2398.86 അടി പിന്നിട്ടാൽ ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് വെള്ളമൊഴുക്കും. കനത്ത മഴയിൽ ഒറ്റ ദിവസം കൊണ്ട് അഞ്ചടിയോളമാണ് ജലനിരപ്പ് ഉയർന്നത്. ശനിയാഴ്ച രാവിലെ 2391.12 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 133 അടിയിലെത്തി. ഒറ്റ ദിവസം കൊണ്ട് നാലടിയോളമാണ് ഉയർന്നത്. 142 അടിയാണ് പരമാവധി സംഭരണശേഷി. 6048 ഘനയടി ജലമാണ് ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്.