പരീക്ഷയ്ക്കു മുമ്പ്  ഉത്തരകടലാസിൽ ക്യൂ ആർ കോഡ് പതിപ്പിക്കും, തട്ടിപ്പും വെട്ടിപ്പും തടഞ്ഞ് പരീക്ഷ സുതാര്യമാക്കാൻ കേരള സർവകലാശാല  

Monday 18 October 2021 9:12 AM IST

തിരുവനന്തപുരം: പരീക്ഷാ നടപടികൾ സുതാര്യമാക്കാനും മാർക്ക് ക്രമക്കേട് അടക്കം തടയാനും കേരള സർവകലാശാല ഓരോ വിദ്യാർത്ഥിയുടെയും ഉത്തരക്കടലാസിൽ പരീക്ഷയ്ക്കു മുമ്പ് ക്യൂ. ആർ. കോഡ് പതിക്കും. അഡ്മിഷൻ മുതലുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയാണ് ഇത് തയ്യാറാക്കുന്നത്. സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള നടപടികൾ ഇതുവഴി ഓൺലൈനിൽ ലഭ്യമാകും.

കേരളത്തിലെ സർവ്വകലാശാലകളിൽ ആദ്യമായാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. മൂല്യനിർണയത്തിനശേഷം അദ്ധ്യാപകർക്ക് ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് ഓൺലൈനായി മാർക്ക് രേഖപ്പെടുത്താനാവും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ജോലിഭാരം കുറയ്ക്കാനും പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കാനും സാധിക്കും. ഈ അദ്ധ്യയന വർഷം പി.ജി ന്യൂ ജനറേഷൻ പ്രോഗ്രാമുകളിലും കാര്യവട്ടം എൻജിനീയറിംഗ് കോളേജിലും പ്രവേശനം നേടിയ അഞ്ഞൂറോളം വിദ്യാർത്ഥികളുടെ ആദ്യ സെമസ്റ്റർ പരീക്ഷ മുതൽ ഈ സവിധാനം നടപ്പിലാക്കും. 'സ്റ്റുഡന്റ് ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് സിസ്റ്റം' എന്ന പുതിയ സോഫ്റ്റ്‌വെയറിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്.

ക്ലാസ് ട്യൂട്ടർ, വകുപ്പ് മേധാവി, പ്രിൻസിപ്പൽ എന്നിങ്ങനെ മൂന്ന് തലത്തിൽ നടക്കുന്ന പരിശോധനയ്ക്ക് ശേഷം ഓരോ ക്ലാസിലേയും വിദ്യാർത്ഥികളുടെ പട്ടിക കോളേജുകൾ സർവകലാശാല പരീക്ഷാ വിഭാഗത്തിന് അയച്ച് നൽകും. അന്തിമ പരിശോധനയ്ക്കു ശേഷം ഓരോ വിദ്യാർത്ഥിക്കും ക്യൂ.ആർ കോഡ് തയ്യാറാക്കി കോളേജുകൾക്ക് കൈമാറും. പരീക്ഷയ്ക്ക് രണ്ടുമണിക്കൂർ മുമ്പ് കോളേജ് അധികൃതർ അതത് വിദ്യാർത്ഥികളുടെ ഉത്തരക്കടലാസിൽ ഒട്ടിക്കും.

ഒരു വിദ്യാർത്ഥി അഡ്മിഷനെടുക്കുന്നത് മുതൽ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങുന്നത് വരെയുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്താൻ കഴിയുംവിധമാണ് പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. ബയോഡേറ്റ, പഠിപ്പിക്കുന്ന അദ്ധ്യാപകർ, ഓരോ സെമസ്റ്ററിലേയും മാർക്ക്, പരീക്ഷ എഴുതുന്ന സെന്റർ ഉൾപ്പെടെയുള്ള വിവരങ്ങളും ഉണ്ടാകും. പാലക്കാട് ആസ്ഥാനമായ ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസാണ് (ഐ.ടി.ഐ) സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. 1.17 കോടിയാണ് ചെലവ്.

പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓൺലൈനിൽ

പുതിയ സോഫ്റ്റ്‌വെയർ ഏർപ്പെടുത്തുന്നതോടെ വിദ്യാർത്ഥികൾക്ക് പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും ഓൺലൈനിലൂടെ ലഭിക്കും. ഹാൾ ടിക്കറ്റും ഇത്തരത്തിൽ ലഭ്യമാക്കും. പരീക്ഷാഫല പ്രഖ്യാപനത്തിന് പിന്നാലെ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓൺലൈനായി കിട്ടുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് അത് ഏറെ സഹായകമാവും.