ഇടുക്കി ഡാം തുറക്കേണ്ടിവരും, രണ്ട് അണക്കെട്ടുകൾ ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി

Monday 18 October 2021 3:27 PM IST

ഇടുക്കി: മഴശക്തമാവുകയാണെങ്കിൽ ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. നിലവിൽ ഡാമിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. ഇപ്പോൾ 2397.18 അടിയാണ് ഡാമിന്റെ ജലനിരപ്പ്. ഇത് 2397.86 അടിയാകുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിലെ നീരൊഴുക്ക് തുടരുകയാണെങ്കിൽ ഡാം തുറക്കേണ്ടിവരുമെന്നാണ് മന്ത്രി പറഞ്ഞത്.ഡാം തുറക്കുന്നതിലേക്ക് വളരെ പെട്ടെന്ന് കടക്കില്ല. ഇടമലയാറും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി.നിലവിൽ ഡാമിൽ ശേഷിയുടെ 93.17 ശതമാനം വെള്ളം നിറഞ്ഞിട്ടുണ്ട്. ഡാം തുറക്കുന്നതിന് 24 മണിക്കൂറിന് മുമ്പേ ഇത് സംബന്ധിച്ച് അറിയിപ്പ് പൊതു ജനങ്ങൾക്ക് നൽകാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. രാത്രിസമയത്ത് ഒരുകാരണവശാലും ഡാം തുറക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടുദിവസമായി വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മഴയുടെ തോതനുസരിച്ച് സര്‍ക്കാരിന്റെയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും ഡാം തുറക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നുചേർന്ന ഉന്നത തല യോഗത്തിൽ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം പൂർണതോതിലാക്കി. ആകെയുളള ആറിൽ 5 ജനറേറ്ററുകളും പ്രവർത്തിപ്പിക്കുന്നുണ്ട്. 3-ാം നമ്പർ ജനറേറ്ററിന്റെ അറ്റകുറ്റപണി ഉടൻ പൂർത്തിയാക്കും.

Advertisement
Advertisement