മഴ: പകർച്ചവ്യാധികൾ പിടിമുറുക്കുന്നു
- ഒക്ടോബറിൽ പനി ബാധിച്ച് ചികിത്സ തേടിയത് - 83454 പേർ
പാലക്കാട്: കൊവിഡ് വ്യാപനത്തിനൊപ്പം മഴ കൂടി ശക്തമായതോടെ പകച്ചവ്യാധികളും പിടിമുറുക്കുന്നു. വൈറൽ പനി, ഡെങ്കി, എലപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികളാണ് പടരുന്നത്. ഈ മാസം ഇന്നലെ വരെ 83454 പേരാണ് വൈറൽ പനി ബാധിച്ച് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഇതിൽ മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. കൂടാതെ ഡെങ്കിപ്പനി ബാധിച്ച് 109 പേരും എലിപ്പനി ബാധിച്ച് 94 പേരും ചിക്കുൻഗുനിയ ബാധിച്ച് എട്ടു പേരും ചികിത്സ തേടി. ഇതിൽ എലിപ്പനി ബാധിച്ച് ഒരു മരണവും റിപ്പോട്ട് ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ മഴക്കാല രോഗങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും കൊവിഡ് പ്രതിരോധത്തിനൊപ്പം മഴക്കാല പൂർവരോഗ മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് നിറഞ്ഞുകിടക്കുന്ന പല കാനകളും ഒഴുക്ക് നിലച്ചത് സാംക്രമിക രോഗവ്യാപനത്തിന് ഇടയാക്കും. നിലവിൽ സാധാരണ പനി വന്നാൽ പോലും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തേണ്ട അവസ്ഥയാണ്.
- കൊതുകിനെ തുരത്താൻ
1.വീടിനു സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കുക
2.ഫോഗിംഗിലൂടെ പരിസരം അണുവിമുക്തമാക്കുക
3.കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുക
4.പാത്രങ്ങൾ, ചിരട്ടകൾ കമഴ്ത്തി വയ്ക്കുക
5.സൺഷേഡുകളിലെ വെള്ളം ഒഴുക്കി കളയുക
- ശ്രദ്ധിക്കേണ്ടവ
1. തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക
2. തുറന്നുവച്ച ഭക്ഷണങ്ങൾ കഴിക്കരുത്
3. ഹോട്ടൽ ഭക്ഷണം പരമാവധി ഒഴിവാക്കുക
4. കൈ സോപ്പിട്ട് കഴുകിയ ശേഷം മാത്രം ആഹാരം കഴിക്കുക
- സംസ്ഥാന കണക്ക് (2021 ഒക്ടോബർ 17 വരെ)
.വൈറൽ പനി- 1030260- (മരണം- 23)
.ഡെങ്കിപ്പനി- 2672- (മരണം- 12)
.എലിപ്പനി- 1048 (മരണം- 37)
.ചിക്കുൻഗുനിയ- 304
കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വൈറൽ പനി വന്നാൽപോലും ഉടൻ ഡോക്ടറുടെ ചികിത്സ തേടുക. ശുചിത്വം പാലിക്കുക.
- ജില്ലാ ആരോഗ്യവകുപ്പ് ഓഫീസ്, പാലക്കാട്.