പി.എസ്.സി ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Tuesday 19 October 2021 12:08 AM IST
എൽ.പി.സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 800 ഓളം ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ടിലാക്കി സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും തിരുവനന്തപുരത്താക്കിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, മുൻ പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി മേഖല ഓഫീസറെയും ജില്ല ഓഫീസറെയും ഉപരോധിച്ചപ്പോൾ

കൊല്ലം: എൽ.പി സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 800 ഓളം ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ടിക്കുംവിധം സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും തിരുവനന്തപുരത്താക്കിയ തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി മേഖല ഓഫീസറെയും ജില്ല ഓഫീസറെയും ഉപരോധിച്ചു. പ്രശ്നം ചർച്ച ചെയ്യാനെത്തിയ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

മറ്റ് 13 ജില്ലകളിലെയും ഉദ്യോഗാർഥികൾക്ക് അതത് ജില്ലകളിൽത്തന്നെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് അവസരം നൽകി. രണ്ട് പി.എസ്.സി. അംഗങ്ങളാണ് വെരിഫിക്കേഷന് ഹാജരാകേണ്ടത്. സർക്കാർ അതിഥി മന്ദിരങ്ങളും ഹോട്ടലുകളും ഇവർക്ക് താമസിക്കുന്നതിനായി ജില്ലാ ആസ്ഥാനത്ത് ഉണ്ട്. പി.എസ്.സി അംഗങ്ങൾക്ക് രാജകീയ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാലാണ് അംഗപരിമിതർ ഉൾപ്പെടെ 800 ഓളം പേരടങ്ങുന്ന ഉദ്യോഗാർത്ഥികളെ തലസ്ഥാനത്തേക്ക് തള്ളിവിടാൻ തീരുമാനിച്ചതെന്ന് സമരക്കാർ ആരോപിച്ചു.

ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന പി.എസ്.സി. ചെയർമാൻ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ധിക്കരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് പറഞ്ഞു. രാവിലെ 10 ന് ആരംഭിച്ച ഉപരോധം ഉച്ചയ്ക്ക് രണ്ടിനാണ് അവസാനിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജ്, സംസ്ഥാന ഭാരവാഹികളായ ഫൈസൽ കുളപ്പാടം, വിഷ്ണു സുനിൽ പന്തളം, കുരുവിള ജോസഫ്, നിർവാഹക സമിതി അംഗം അനീഷ് പടപ്പക്കര, ജില്ലാ ഭാരവാഹികളായ ശരത് മോഹൻ, പിണക്കൽ ഫൈസ്, കൗശിക് എം.ദാസ്, സുമേഷ് ദാസ്, ഷെഹീർ പള്ളിത്തോട്ടം, ഹുനൈസ്, ശരത് കടപ്പാക്കട, അയത്തിൽ ഫൈസൽ, അയതിൽ ശ്രീകുമാർ, ഹർഷാദ് മുതിരപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement