കുട്ടനാട്ടിൽ ഒന്നരയടിവരെ ജലനിരപ്പ് ഉയരാൻ സാദ്ധ്യത,​ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു,​ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാൻ

Monday 18 October 2021 7:15 PM IST

ആലപ്പുഴ: കക്കി ഡാം തുറന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ,​ കുട്ടനാട് മേഖലയിൽ ഒന്നരയടിയോളം വരെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ചെങ്ങന്നൂരിനെക്കാള്‍ കുട്ടനാട്ടില്‍ ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

രാത്രിയില്‍ ജലനിരപ്പ് ഉയരും. ഇതിനുമുമ്പ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം തുടരുകയാണ്. പാണ്ടനാട്ടും തിരുവന്‍വണ്ടൂരും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടർന്നാണ് കക്കി അണക്കെട്ട് തുറക്കേണ്ടിവന്നത്. ജലം രാവിലെയോടെ ചെങ്ങന്നുര്‍, കുട്ടനാട് മേഖലയിലെത്തും .തീരത്ത് താമസിക്കുന്ന മുഴുവന്‍ ജനങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാനാണ് തീരുമാനം. ഇതിനുവേണ്ടിയുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കക്കി അണക്കെട്ട് തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലായിരുന്നു ഇത്. രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വരെയാണ് തുറന്നത്.