27 ലക്ഷം തട്ടി: വിനോദ് കൃഷ്ണയ്ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു

Monday 18 October 2021 9:17 PM IST

തൃക്കാക്കര: ബിസിനസ് ആവശ്യത്തിനെന്ന പേരിൽ 27 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ വിവാദ എ.എസ്.ഐ വിനോദ് കൃഷ്ണയ്ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കാക്കനാട് സൗഹൃദ നഗറിലെ കയറ്റുമതി വ്യാപാരി അസ്‌ലാമിന്റെ പരാതിയിലാണ് വഞ്ചനക്കുറ്റത്തിന് കേസെടുത്തത്. കസ്റ്റംസ് പിടിക്കുന്ന സ്വർണം ലേലത്തിൽ എടുക്കാൻ പണത്തിന്റെ കുറവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണം വാങ്ങിയത്. ഒരു മാസത്തിനുളളിൽ മടക്കിനൽകാമെന്ന ഉറപ്പിൽ 18 ലക്ഷം രൂപ കാക്കനാട് വച്ചും ഒൻപതുലക്ഷം രൂപ ചെന്നൈയിൽ വച്ചും കൈമാറിയതായി പരാതിയിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥനായതിനാൽ പരാതി നൽകാൻ മടിച്ചു. പെൺകുട്ടിയെ സഹോദരന്മാർ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാൻ അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ വിനോദ് കൃഷ്ണ പ്രതിയാണെന്ന് മനസിലാക്കിയതോടെയാണ് പരാതിയുമായി തൃക്കാക്കര പൊലീസിനെ സമീപിച്ചത്. എറണാകുളം നോർത്ത് സ്റ്റേഷനിൽ എ.എസ്.ഐ. ആയിരുന്ന വിനോദ് കൃഷ്ണയെ ജില്ലാ സായുധസേനാ ക്യാമ്പിലേക്കു സ്ഥലം മാറ്റുകയും പിന്നീട് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.

Advertisement
Advertisement