മെഡി. കോളേജ് പരിസരം ലഹരിമുക്തമാക്കാൻ പൊലീസ്

Tuesday 19 October 2021 12:02 AM IST

കോഴിക്കോട്: മെഡിക്കൽ കോളേജ് പരിസരത്തെ ലഹരി ഉപയോഗത്തിന് തടയിടാൻ പൊലീസ് രംഗത്ത്. മെഡിക്കൽ കോളേജ് പരിസരത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിൽപ്പനയും ഉപയോഗവും വർദ്ധിച്ച സാഹചര്യത്തിലാണ് ബോധവത്ക്കരണവും പ്രതിരോധവുമായി ജനമൈത്രി പൊലീസ് കളത്തിലിറങ്ങുന്നത്. റെസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. തുടക്കമെന്ന നിലയിൽ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കും.

കോർപ്പറേഷൻ കൗൺസിലർമാരുടെയും സ്‌പോൺസർമാരുടെയും സഹായത്തോടെ മെഡി.കോളേജ് പരിധിയിലെ തെരുവുകളിലും വഴിയോരങ്ങളിലും റെസിഡൻസ് ഏരിയകളിലും സി.സി.ടി.വി കാമറകൾ

സ്ഥാപിക്കും. മെഡിക്കൽ കോളേജ് എസ്.ഐ ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ നടന്ന റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിൽ അഡീഷണൽ എസ്.ഐ. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് ഓഫീസർമാരായ മുഹമ്മദ് ഹനീഫ, സാദിഖ് അലി തുടങ്ങിയവർ പങ്കെടുത്തു. ശ്യാംകുമാർ സ്വാഗതവും സത്യൻ മായനാട് നന്ദിയും പറഞ്ഞു.