ഗാഡ്‌ഗിൽ പത്ത് കൊല്ലം മുമ്പ് പറഞ്ഞു: നമ്മൾ അവഗണിച്ചു

Tuesday 19 October 2021 2:53 AM IST

തിരുവനന്തപുരം: മിന്നൽപ്രളയങ്ങളും, മേഘവിസ്ഫോടനവും, ഉരുൾപൊട്ടലുകളിൽ ഗ്രാമങ്ങളും അതിലെ മനുഷ്യരും കുത്തിയൊലിച്ചു പോവുന്നതും കണ്ട് കേരളം വീണ്ടും ഞെട്ടി വിറയ്ക്കുന്നു. പരിസ്ഥിതി നാശം തുടർന്നാൽ ഇതൊക്കെ സംഭവിക്കുമെന്ന് ഒരു ദശകം മുമ്പ് പറഞ്ഞ പ്രൊഫ.മാധവ് ഗാഡ്ഗിലിനെ ശവം തീനി കഴുകനെന്നും, വിദേശ ചാരനെന്നും ആക്ഷേപിച്ചും ഹർത്താലൊക്കെ നടത്തിയുമാണ് നമ്മൾ അന്ന് ഓടിച്ചുവിട്ടത്.

ഭൂമിയുടെ സ്വഭാവമറിഞ്ഞ് കൃഷിയും കെട്ടിടനിർമ്മാണവും നടത്തണമെന്ന ഗാഡ്ഗിലിന്റെ നിർദ്ദേശം പരിഗണിച്ചിരുന്നെങ്കിൽ കഴിഞ്ഞ വർഷങ്ങളിലെ ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാമായിരുന്നു. നഷ്ടങ്ങളുടെ കണക്കെടുപ്പിനൊപ്പം, ദുരന്തകാരണങ്ങൾ കൂടി ശാസ്ത്രീയമായി പഠിച്ചില്ലെങ്കിൽ കേരളം പ്രകൃതിദുരന്തങ്ങളുടെ ശവപ്പറമ്പാവും.

വനഭൂമി കൈയേറരുത്, കൃഷിഭൂമി തരം മാറ്റരുത്, അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പാരിസ്ഥിതിക പഠനം നിർബന്ധമാക്കണം, പുതിയ നിർമ്മാണച്ചട്ടമുണ്ടാക്കണം, നദികളുടെ ഒഴുക്ക് തടയരുത്, നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കണം എന്നിങ്ങനെ ഗാഡ്ഗിലിന്റെ നിർദ്ദേശങ്ങളെല്ലാം തള്ളിയ ശേഷം, പൊതുപദ്ധതികൾക്കായി നീർത്തടങ്ങളും വയലുകളും നികത്താമെന്ന നിയമം പാസാക്കി. മുപ്പത് വർഷത്തിനിടെ ആറു ലക്ഷം ഹെക്ടർ നെൽവയൽ ഇല്ലാതായ സംസ്ഥാനത്താണ് ,ഇങ്ങനെയൊരു നിയമം വന്നത്. ഉരുൾപൊട്ടൽ മേഖലകളിൽ കെട്ടിടനിർമ്മാണം അനുവദിക്കരുതെന്നും, കെട്ടിടങ്ങളും കൃഷിയുമൊക്കെ എവിടെയൊക്കെ ആകാമെന്ന് ഭൗമ മാപ്പിംഗിലൂടെ രേഖപ്പെടുത്തണമെന്നുമുള്ള ഗാഡ്ഗിലിന്റെ ശുപാർശകളും ചെവിക്കൊണ്ടില്ല. മൂന്നു വർഷത്തിനിടെ, പത്ത് ജില്ലകളിൽ ആയിരത്തിലേറെ ഉരുൾപൊട്ടലുകളുണ്ടായി. നൂറെണ്ണം അതിതീവ്രമായിരുന്നു. പശ്ചിമഘട്ടത്തിലെ 80 ശതമാനവും ഉരുൾപൊട്ടൽ മേഖലയാണ്. 13000 ഉരുൾപൊട്ടൽ മേഖലകളും 17000 മണ്ണിടിച്ചിൽ മേഖലകളുമുണ്ട്. എന്നിട്ടും പുതിയ ക്വാറികളുണ്ടാവുന്നു.

അപമാനിച്ചു, തുരത്തി

നിയമസഭയിൽ രാഷ്ട്രീയഭേദമെന്യേ ഗാഡ്ഗിലിന് അപമാനവർഷമുണ്ടായി. 'ക്വാറികളുണ്ടെങ്കിലെന്താ, മഴ പെയ്യുന്നുണ്ടല്ലോ' എന്ന് തോമസ്ചാണ്ടിയും 'ജെ.സി.ബി പോയിട്ട് കൈക്കോട്ടു പോലും വയ്ക്കാത്ത നിബിഡ വനത്തിൽ എങ്ങനെ ഉരുൾപൊട്ടി' എന്ന് പി.വി.അൻവറും ഗാഡ്ഗിൽ പറയുന്നത് ശരിയെങ്കിൽ വനത്തിലെങ്ങനെ ഉരുൾപൊട്ടിയെന്ന് പി.സി.ജോർജും പരിഹസിച്ചു. ദുരന്തങ്ങൾ പ്രകൃതിയുടെ ആർക്കും തടുക്കാനാവാത്ത വിധിയാണെന്നും, നിയമങ്ങൾ ഇളവുചെയ്യണമെന്നുമാണ് എസ്.രാജേന്ദ്രൻ പറഞ്ഞത്. 'ശവംതീനി കഴുകൻ' എന്നാണ് ഇടുക്കിയിലെ മുൻ എം.പി ഗാഡ്ഗിലിനെ വിളിച്ചത്.

മാധവ് ഗാഡ്‌ഗിൽ

പരിസ്ഥിതിസംരക്ഷണ പ്രവർത്തനത്തിന് പദ്മഭൂഷൺ, ദേശീയ പരിസ്ഥിതി ഫെലോഷിപ്, ശാന്തി സ്വരൂപ് ഭട്നാഗർ, വോൾവോ എൻവയൺമെന്റൽ, ടൈലർ, രാജ്യോത്സവ പ്രശാന്തി പുരസ്‌കാരങ്ങൾ ലഭിച്ചു. പൂനെ സ്വദേശി. പശ്ചിമഘട്ട, നീലഗിരി ജൈവമണ്ഡല സംരക്ഷണത്തിന് പദ്ധതിരേഖയുണ്ടാക്കി.

കേരളത്തിലെ ഇപ്പോഴത്തെ അതിതീവ്ര മഴയ്ക്കും ഉരുൾപൊട്ടലിനും കാരണം അനിയന്ത്രിതമായ പ്രകൃതി ചൂഷണവും അസാധാരണമായ കാലാവസ്ഥാ മാറ്റവുമാണെന്നും, പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ ഇനിയും പല ദുരന്തങ്ങൾക്ക് കേരളം സാക്ഷിയാവുമെന്നും ഗാഡ്ഗിൽ

പറഞ്ഞു.

5607.5

ചതുരശ്ര കി.മീ പ്രദേശം ഉരുൾപൊട്ടൽ മേഖല

5624.1

ചതുരശ്ര കി.മീ പ്രളയ സാദ്ധ്യതാ മേഖല

Advertisement
Advertisement