കൂട്ടിക്കൽ, കൊക്കയാർ...പണ്ടേ പരിസ്ഥിതി ദുർബല മേഖല

Tuesday 19 October 2021 3:35 AM IST

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായി നിരവധി ജീവനുകൾ നഷ്ടമായ കോട്ടയം, ഇടുക്കി ജില്ലകളെ വേർതിരിക്കുന്ന പുല്ലകയാർ തീരത്തുള്ള കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളും ഒപ്പം മണിമലയാറിന്റെ തീരത്തുള്ള മുണ്ടക്കയവും മൂവായിരം വർഷത്തിനു മുമ്പുവരെ തുടർച്ചയായി മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടായിരുന്ന മേഖലയായിരുന്നുവെന്ന് പഠന റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ (സെസ്) ശാസ്ത്രജ്ഞൻ ഡോ. ഡി. പദ്മലാലിന്റെ നേതൃത്വത്തിൽ 2016ൽ നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തൽ. ഉരുൾപൊട്ടലിൽ ഒഴുകി വന്ന മരങ്ങൾ മണിമലയാറിന്റെ ഇരുകരകളിലും അടിഞ്ഞിരുന്നു. മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയ ഇവയുടെ പഴക്കം കണക്കാക്കിയപ്പോഴാണ് സ്ഥിരം ഉരുൾപൊട്ടൽ മേഖലയാണെന്ന് മനസിലായത്. ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ ഈ പ്രദേശങ്ങളിൽ നടത്തിയാൽ തിരിച്ചടിയുണ്ടാകുമെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

ഗാഡ്ഗിൽ കമ്മിറ്റിയും കൂട്ടിക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല മേഖലയെന്ന് കണ്ടെത്തിയിരുന്നു. പാറപൊട്ടിക്കലും നിർമ്മാണവും പൂർണമായും നിരോധിക്കേണ്ട പ്രദേശങ്ങളിലാണ് കൂട്ടിക്കൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ വല്യേന്ത, എളങ്കാട് മേഖലകളിൽ പാറപൊട്ടിക്കൽ വ്യാപകമാണ്. ഇവിടങ്ങളിൽ ഭൂമിയുടെ ഘടനമാറ്റിക്കൊണ്ട് നിർമ്മാണ, ഖനന പ്രവർത്തനങ്ങൾ നടത്തുന്നത് അപകട സാദ്ധ്യത കൂട്ടുമെന്നും പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.

''

മഴപെയ്തു തുടങ്ങാനും മേഘങ്ങൾക്ക് ഒരുമിക്കാനും പ്രകൃതി കണ്ടെത്തിയ സ്ഥലത്ത് മനുഷ്യൻ ഇടപെടാതിരിക്കുന്നതാണ് നല്ലത്. പ്രകൃതിയുടെ തീരുമാനത്തെ മനുഷ്യന് തിരുത്താനാകില്ല.

- ഡോ. ഡി. പദ്മലാൽ,

സീനിയർ ശാസ്ത്രജ്ഞൻ, സെസ്

.

Advertisement
Advertisement