'പോയി ദുബായ് എക്‌സ്‌പോ കണ്ട് വാ'; ജീവനക്കാർക്ക് മൂന്ന് ദിവസം ശമ്പളത്തോടെ അവധി നൽകി സ്വകാര്യ കമ്പനി
ദുബായ്: ജീവനക്കാർക്ക് മൂന്ന് ദിവസത്തേക്ക് ശമ്പളത്തോട് കൂടിയുളള അവധി നൽകിയിരിക്കുകയാണ് ഒരു ദുബായ് കമ്പനി. ദുബായ് എക്‌സ്‌പോ കണ്ട് വരാനാണ് ഈ അവധി നൽകിയിരിക്കുന്നത്. കോളടിച്ച ജീവനക്കാരെല്ലാം എക്‌സ്‌പോ കാണാനുളള ഉത്സാഹത്തിലാണ്.
ഡിസ്‌പോസബിൾ ആഹാര പാക്കിംഗ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഹോട്ട്‌പാക്ക് ഗ്ളോബൽ എന്ന ദുബായ് ആസ്ഥാനമായുളള കമ്പനിയാണ് തങ്ങളുടെ യുഎഇയിലുളള 2000 ജീവനക്കാർക്ക് ഇങ്ങനെയൊരു ഓഫർ നൽകിയിരിക്കുന്നത്.
വിവിധ രാജ്യങ്ങളുടെ, സംസ്‌കാരങ്ങളുടെ കൂടിച്ചേരൽ കേന്ദ്രമായ എക്‌സ്‌പോ ജീവനക്കാർ കാണേണ്ടതാണെന്നാണ് കമ്പനിയുടെ നിലപാട്. എക്‌സ്‌പോ സന്ദർശിക്കുന്നതിലൂടെ ജീവനക്കാർക്ക് കമ്പനിയോടുളള സമീപനം മാറുകയും നന്നായി ജോലിചെയ്യുകയും ചെയ്യുമെന്നാണ് കമ്പനി കരുതുന്നത്.
190ഓളം രാജ്യങ്ങളിൽ നിന്നുളള വിവരങ്ങൾ മനസിലാക്കാനുളള ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന അവസരമാണിത്. ആഗോള ബിസിനസ് രീതികളെ കുറിച്ച് നേരിട്ട് മനസിലാക്കാൻ എക്‌സ്‌പോ കാണുന്നതിലൂടെ ജീവനക്കാർക്ക് കഴിയുമെന്ന് ഹോട്ട്പാക്ക് ഗ്ളോബൽ കമ്പനി പ്രതീക്ഷിക്കുന്നു. രാജ്യത്ത് വ്യവസായ വളർച്ചയ്‌ക്ക് എക്‌സ്‌പോ സഹായകമാകുമെന്നാണ് കമ്പനി കരുതുന്നത്.