13 കോടിയുടെ കൃഷിനാശം

Monday 18 October 2021 11:25 PM IST

പത്തനംതിട്ട: ജില്ലയിൽ മഴ, വെള്ളപ്പൊക്കം, കാറ്റ്, മണ്ണിടിച്ചിൽ എന്നിവ മൂലും വ്യാപക കൃഷിനാശം. 22,500 കർഷകരുടെ 10,275 ഹെക്ടറിലായി ഏകദേശം 13 കോടിരൂപയുടെ നഷ്ടം തിട്ടപ്പെടുത്തി.

എല്ലാ പ്രദേശങ്ങളിലെയും കൃഷി വെള്ളം മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. കോഴഞ്ചേരി, മല്ലപ്പുഴശേരി, വള്ളിക്കോട്, കുളനട, പന്തളംതെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളിലെ പത്ത് ദിവസമായി വിത കഴിഞ്ഞു കിടക്കുന്ന പാടശേഖരങ്ങളെല്ലാം വെള്ളംമൂടി. വാഴ, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, പച്ചക്കറിവിളകൾ, വെറ്റിലകൃഷി, കുരുമുളക് എന്നീ കൃഷികളും വെള്ളത്തിനടിയിൽപ്പെട്ടു.

പന്തളം, പുല്ലാട് കൃഷി ഫാമുകളിലും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. മല്ലപ്പള്ളി, കോട്ടാങ്ങൽ, കുറ്റൂർ, നെടുമ്പ്രം, പെരിങ്ങര കൃഷിഭവനുകളിലും വെള്ളം കയറിയിട്ടുണ്ട്.

കൃഷിനാശം വിലയിരുത്തുന്നതിനായി പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.ഡി. ഷീല, ഡെപ്യൂട്ടി ഡയറക്ടർമാരായ ലൂയി സ് മാത്യു, എലിസബത്ത് തമ്പാൻ, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാർ, കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റന്റുമാർ എന്നിവരടങ്ങുന്ന സംഘം വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കർഷകർക്ക്‌ വേണ്ട നിർദ്ദേശം നൽകുകയും ചെയ്തു.

ദുരിതാശ്വാസത്തിന് 10 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം

ദുരിതാശ്വാസം ലഭിക്കുന്നതിനായി 10 ദിവസത്തിനകം കർഷകർ എ.ഐ.എം.എസ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം ആധാർ കാർഡ്, കരമടച്ച രസീത് അഥവാ പാട്ടച്ചീട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികൾ കൂടി ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

250 ഏക്കറിലധികം കൃഷി വെള്ളത്തിൽ

തെങ്ങമം: മണ്ണടിയിൽ 250 ഏക്കറിലധികം സ്ഥലത്തെ കൃഷി വെള്ളത്തിനടിയിലായി. പുന്നക്കാട്, താഴത്ത് ഏലകളിലായാണ് കൂടുതലും . കല്ലടയാറ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെയാണ് വെള്ളം കയറാൻ തുടങ്ങിയത്. പച്ചക്കറി കൃഷികളും നെൽകൃഷിയും ഏത്ത വാഴ കൃഷിയുമാണ് ഏറെയും. കുലയ്ക്കാറായ ഏത്തവാഴകൾ പൂർണമായും വെള്ളത്തിലാണ്. മണ്ണടി താഴത്ത് നിന്ന് പാണ്ടി മലപ്പുറം, മാഞ്ഞാലി ഭാഗത്തേക്കുള്ള റോഡ് വെള്ളത്തിൽ മുങ്ങി ഇതു വഴിയുള്ള ഗതഗതം പൂർണമായും തടസപ്പെട്ടു. 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ ഇടയം പാലം ഭാഗത്ത് സ്ഥിതി രൂക്ഷമല്ലെങ്കിലും ഇക്കുറിയും വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറുന്നത് രൂക്ഷമായാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ .

Advertisement
Advertisement