ചെളി നിറഞ്ഞ് മല്ലപ്പള്ളി

Monday 18 October 2021 11:27 PM IST

മല്ലപ്പള്ളി: താലൂക്കിൽ കനത്ത നാശം വിതച്ച് വെള്ളം ഇറങ്ങി. മല്ലപ്പള്ളി, കോട്ടാങ്ങൽ, ചുങ്കപ്പാറ, വായ്പൂര്, വെണ്ണിക്കുളം മേഖലകളിലെ മിക്ക കടകളും വീടുകളും സാധനസാമഗ്രികളും നശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇവിടമെല്ലാം ചെളിനിറഞ്ഞുകിടക്കുകയാണ്. കിണറുകൾ മലിനമായതോടെ ശുദ്ധജലക്ഷാമം രൂക്ഷമായി. 17 ക്യാമ്പുകളിലായി 98 കുടുംബങ്ങളുണ്ട്. മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികളും ക്യാമ്പുകളിൽ ഉണ്ട്.

മല്ലപ്പള്ളി പഞ്ചായത്തിലെ മുട്ടത്തു മണ്ണിൽ ഭാഗത്ത് പത്തോളം കുടുംബങ്ങൾ വെള്ളക്കെട്ടിലാണ് .മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നിട്ടും ഈ ഭാഗത്തെ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്.

നേരത്തെ ജില്ലാ കളക്ടർ ഉൾപ്പെടെ സന്ദർശിച്ചതിനെ തുടർന്ന് വെള്ളം തോട്ടുമൂഴി തോട്ടിലേക്ക് ഒഴുക്കിക്കളയാൻ കാന നിർമ്മിച്ചിരുന്നു. നല്ല രീതിയിൽ ഓടയും കലുങ്കും നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും ഓട ചിലർ മണ്ണിട്ടു മൂടുകയായിരുന്നു.